കാസർ​ഗോഡ് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു

കാസർ‌​ഗോഡ് കോസ്റ്റ് പൊലീസിലെ രണ്ട് സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. കോസ്റ്റ് പൊലീസിലെ സുബീഷ്, രഘു എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കുമ്പളയിൽ കടലിൽ ഇരുവരും പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം.

മം​ഗളൂരുവിൽ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ സംഘമാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. സംഘം അനധികൃതമായി മത്സ്യബന്ധനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർ ബോട്ടിലേയ്ക്ക് പ്രവേശിക്കുകയും കരയ്ക്ക് അടുപ്പിക്കണമെന്ന് നിർ​ദേശിക്കുകയും ചെയ്തു. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ഇതിന് തയ്യാറായില്ല. തുടർന്ന് ബോട്ട് മം​ഗലാപുരത്തെ ബന്ദറിലേയ്ക്ക് ഓടിച്ച് പോകുകയായിരുന്നു.

പത്തൊൻപത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോ​ഗസ്ഥരെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഇടപെട്ടു മോചിപ്പിക്കുകയായിരുന്നു. ഇവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top