Advertisement

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി; പ്രതിപക്ഷം തുടര്‍നടപടികള്‍ ഇന്ന് തീരുമാനിക്കും

December 23, 2020
Google News 2 minutes Read

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. തിരുവനന്തപുരത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചേക്കും.

കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നുവെങ്കിലും ഗവര്‍ണറുടെ അസാധാരണ നടപടിയെ തുടര്‍ന്ന് സമ്മേളനം ഒഴിവാക്കുകയായിരുന്നു. ഗവര്‍ണറുടേത് ഭരണഘടനക്ക് നിരക്കാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

പ്രമേയം പാസാക്കാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നതെങ്കില്‍ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ബദല്‍ നിയമം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. തിരുവനന്തപുരത്ത് സംയുക്ത
കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഭരണപക്ഷ എംഎല്‍എമാരോടും മന്ത്രിമാരോടും പരിപാടിക്ക് എത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.

രാവിലെ നിയമസഭയില്‍ എത്താന്‍ അംഗങ്ങളോട് പ്രതിപക്ഷവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് തുടര്‍ പരിപാടികള്‍ തീരുമാനിക്കും. രാജ്ഭവനിലേക്ക് യുവജന സംഘടകളുടെ പ്രതിഷേധ മാര്‍ച്ചുകളും ഉണ്ടാകും. ഇടവേളയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Story Highlights – Legislative Assembly – opposition will decide next steps today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here