Advertisement

100 ദിന കര്‍മപരിപാടി; ഒന്നാം ഘട്ടത്തില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു: മുഖ്യമന്ത്രി

December 24, 2020
Google News 2 minutes Read

നൂറുദിന കര്‍മ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും 100 ദിന കര്‍മപരിപാടിയില്‍ പിന്നീട് വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ 2020 മുതല്‍ ഡിസംബര്‍ 9 വരെയാണ് ഒന്നാംഘട്ട 100 ദിന പരിപാടി നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് മഹാമാരി സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള സമയബന്ധിത കര്‍മപരിപാടി എന്ന നിലയിലാണ് ഈ പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡിന്റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുകയെന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്‌കരമാകും. നിരവധി പരിമിതികള്‍ നിലവിലുണ്ട്. പക്ഷേ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നത്. ഒന്നാംഘട്ട നൂറുദിന പദ്ധതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇതോടൊപ്പം നടത്തും. അതിന്റെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാംഘട്ട പരിപാടിയെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടല്‍ നടത്തും.

കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങള്‍ ഒന്നാംഘട്ട കര്‍മപരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ ഇവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നതാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശിക തലത്തില്‍ സംഭരണ സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെ ന്യായവിലയ്ക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശവ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനം സ്വീകരിച്ച പ്രത്യേക നടപടികള്‍ ശ്രദ്ധേയമാണ്. മഹാമാരി നാടും ജീവിതവും സ്തംഭിപ്പിച്ചപ്പോള്‍ ഒരാളും കേരളത്തില്‍ പട്ടിണി കിടക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നാം നടപ്പിലാക്കിയത്. ആദ്യഘട്ടത്തിലുള്ള കമ്യൂണിറ്റി കിച്ചന്‍, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം എന്നിവയെല്ലാം വലിയതോതില്‍ നാട് സ്വീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – 100 day action plan; 122 projects completed in the first phase: CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here