ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അബ്ദുൾ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. മുസ്ലിം ലീഗ്- ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെയാണ് അബ്ദുൾ റഹ്മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇതിൽ ഉൾപ്പെട്ട ഇർഷാദിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘർഷം തുടങ്ങിയിരുന്നു. എൽഡിഎഫിന് വോട്ടു ചെയ്‌തെന്നാരോപിച്ച് ലീഗ് പ്രവർത്തകനായ നിസാറിനെ മുസ്ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു. ഇതിൽ 9 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ല.
Story Highlights – DYFI activist stabbed to death; Kanhangad Municipal Corporation today called for a hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here