തിരുവല്ലയില്‍ തടിമില്ലില്‍ വന്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നാശനഷ്ടം

fire accident thiruvalla

പത്തനംതിട്ട തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടുത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്‌സില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിയും പ്‌ളൈവുഡും ഉപയോഗിച്ച് സോഫ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റിലാണ് അപകടം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 5000 സ്‌ക്വര്‍ ഫീറ്റോളം വരുന്ന യൂണിറ്റിലെ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട , ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

Read Also : എറണാകുളം തത്തപ്പള്ളിയിൽ വൻ തീപിടുത്തം

തീപിടുത്തത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ മേല്‍ക്കൂര കത്തി താഴേയ്ക്ക് പതിച്ചു. സ്ഥാപനത്തിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ടൂ വീലര്‍ പൂര്‍ണമായും മിനി ലോറി ഭാഗികമായും കത്തി.

സ്ഥാപനത്തോട് ചേര്‍ന്ന മുറിയില്‍ മൂന്ന് ജീവനക്കാര്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഗ്‌നി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അടക്കമുളള രേഖകള്‍ ഹാജരാക്കാന്‍ സ്ഥാപന ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫയര്‍ഫോഴ്‌സ് തിരുവല്ല സ്റ്റേഷന്‍ ഓഫീസര്‍ പി ബി വേണുക്കുട്ടന്‍ പറഞ്ഞു. ഞാലിക്കണ്ടം കൊണ്ടൂര്‍ സാമുവല്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ.

Story Highlights – fire accident, thiruvalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top