Advertisement

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമെന്ന് എഐസിസി സംഘത്തോട് കോൺഗ്രസ് നേതാക്കൾ

December 27, 2020
Google News 2 minutes Read

സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് എഐസിസി സംഘത്തോട് വിശദീകരിച്ചു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാനെത്തിയ പ്രതിനിധി സംഘം കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച തുടരുകയാണ്. ഘടക കക്ഷി നേതാക്കളുമായി സംഘം നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്ഗ്രസിൽ നേതൃമാറ്റം പരിഗണനയിലില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തലത്തിൽ തിരുത്തലുകൾ വേണമെന്ന് കെസി ജോസഫ് എഐസിസി സംഘത്തോട് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ നടന്നത് ഗ്രൂപ്പ് വീതം വയ്പായിരുന്നുവെന്ന് അടൂർ പ്രകാശ് എംപിയും കേന്ദ്ര സംഘത്തെ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്ക് പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാർ എംപിമാർ എന്നിവരിൽ നിന്നും സംഘം വിശദാംശങ്ങൾ തേടും. ചർച്ചകൾക്ക് മുന്നോടിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ സംഘത്തെ കണ്ടിരുന്നു. പാർട്ടി നേതൃത്വത്തിന്റ പരാജയമാണ് തോൽവിക്ക് കാരണമെന്ന് ഗ്രൂപ്പ് നേതാക്കൾ വാദിക്കുമ്പോൾ ഗ്രൂപ്പ് കളിയാണ് പാർട്ടിയെ ഈ സ്ഥിതിയിലെത്തിച്ചതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വാദം. ഗ്രൂപ്പ് പോരാണ് തോൽവിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നിൽ ഫ്‌ളക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
നേതൃമാറ്റമെന്ന ആവശ്യം ഗ്രൂപ്പ് നേതാക്കൾ ആവർത്തിക്കുമ്പോൾ നേതൃമാറ്റമില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

താരിഖ് അൻവറിനെക്കൂടാതെ എഐസിസി സെക്രട്ടറിമാരായ രണ്ടുപേരും സംഘത്തിൽ ഉണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുമായും സംഘം നാളെ ചർച്ച നടത്തും. ഇതിനിടെ കെ സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട്
സംസ്ഥാനത്ത് പല ഇടങ്ങളിലും ഇന്നും ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു.

Story Highlights – Congress leaders blame AICC for organizational setbacks due to setbacks in local body elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here