Advertisement

ഐസിസിയുടെ ദശാബ്ദത്തിലെ ടീം: രണ്ട് വിഭാഗങ്ങളിൽ ഇന്ത്യക്ക് ആധിപത്യം; ഒരു ടീമിലും പാക് താരങ്ങൾ ഇല്ല

December 27, 2020
Google News 2 minutes Read
icc teams decade indian

ഐസിസിയുടെ ദശാബ്ദത്തിലെ ടീമുകൾ പ്രഖ്യാപിച്ചു. രണ്ട് ഫോർമാറ്റുകളിൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ടി-20യിൽ നാല് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടപ്പോൾ ഏകദിന ടീമിൽ മൂന്നും ടെസ്റ്റ് ടീമിൽ രണ്ടും താരങ്ങൾ വീതം ഇടം നേടി. വനിതകളുടെ ടി-20, ഏകദിന ടീമുകളിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങൾ ഉണ്ട്. അതേസമയം, ഒരു പാകിസ്താൻ താരം പോലും ടീമിൽ ഇടം നേടിയില്ല.

പുരുഷ ടി-20 ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, എംഎസ് ധോണി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ധോണിയാണ് നായകൻ. ഓസ്ട്രേലിയയിൽ നിന്ന് ഗ്ലെൻ മാക്സ്‌വൽ, ആരോൺ ഫിഞ്ച് എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ് ഗെയിൽ, കീറോൺ പൊള്ളാർഡ് എന്നിവർ വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്ന് ടീമിൽ ഇടം നേടി. എബി ഡിവില്ല്യേഴ്സ് (ദക്ഷിണാഫ്രിക്ക), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), ലസിത് മലിംഗ (ശ്രീലങ്ക) എന്നിവരാണ് മറ്റ് താരങ്ങൾ.

ഏകദിന ടീമിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് താരങ്ങളുണ്ട്. രോഹിത്, കോലി, ധോണി എന്നിവരാണ് ഉൾപ്പെട്ടത്. ധോണി തന്നെയാണ് ഏകദിന ടീം ക്യാപ്റ്റൻ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിൽ നിന്ന് രണ്ട് വീതം താരങ്ങളുണ്ട്. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓസീസിൽ നിന്നും എബി ഡിവില്ല്യേഴ്സ്, ഇമ്രാൻ താഹിർ എന്നിവർ ദക്ഷിണാഫ്രിക്കയിൽ നിന്നും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), ട്രെൻ്റ് ബോൾട്ട് (ന്യൂസീലൻഡ്) എന്നിവർക്കൊപ്പം മലിംഗയും ടീമിലുണ്ട്.

ടെസ്റ്റ് ടീമിൽ ഇംഗ്ലണ്ടിനാണ് മുൻതൂക്കം. നാല് ഇംഗ്ലീഷ് താരങ്ങളാണ് ടീമിലുള്ളത്. അലിസ്റ്റർ കുക്ക്, ബെൻ സ്റ്റോക്സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് ഇംഗ്ലണ്ടിൽ നിന്ന് ടീമിൽ ഇടം നേടിയത്. കോലിക്കൊപ്പം ആർ അശ്വിൻ ഇന്ത്യയിൽ നിന്ന് ടീമിൽ ഉൾപ്പെട്ടു. കോലിയാണ് നായകൻ. ഡെയിൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക), കെയിൻ വില്ല്യംസൺ (ന്യൂസീലൻഡ്), കുമാർ സങ്കക്കാര (ശ്രീലങ്ക), വാർണർ എന്നിവരാണ് മറ്റ് താരങ്ങൾ.

വനിതാ ടി-20 ടീമിൽ ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവരുണ്ട്. ഏകദിന ടീമിൽ മിഥാലി രാജ്, ഝുലൻ ഗോസ്വാമി എന്നിവരും ഇടം നേടി.

Story Highlights – icc teams of the decade indian players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here