Advertisement

കര്‍ഷകസമരത്തിന് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

December 28, 2020
Google News 1 minute Read
anna hazare stopped strike

ജനുവരി അവസാനിക്കും മുന്‍പ് കര്‍ഷകസമരത്തിന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നാളെ നിര്‍ണായക ചര്‍ച്ച നടക്കും. നാളെ രാവിലെ പതിനൊന്നിന് വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. നാല് അജന്‍ഡകളാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അജന്‍ഡകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.

Read Also : അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും

കര്‍ഷകരുടെ ആശങ്കകള്‍ക്ക് ഉത്തരം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകരെ കേള്‍ക്കുകയും നിയമങ്ങള്‍ പിന്‍വലിക്കുകയും വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എഴുപതുകാരി ഹരിയാനയിലെ ഫത്തേഹാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. മസ്ദൂര്‍ മുക്തി മോര്‍ച്ചയുടെ പ്രവര്‍ത്തകയും പഞ്ചാബ് മന്‍സ സ്വദേശിനിയുമായ മല്‍കിയത് കൗറാണ് മരിച്ചത്.

Story Highlights – anna hazare, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here