കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നു; ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം

കർണാടകയിലെ കലബുർഗിയിൽ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടർന്നാണ് കർഷകർ പ്രതിഷേധിച്ചത്. വൈദ്യുതി വകുപ്പിൻ്റെ ഓഫീസിലേക്ക് കാളവണ്ടിയിൽ മുതലയെ കെട്ടിവച്ച് കൊണ്ട് വരികയായിരുന്നു. കലബുറഗി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഫ്സൽപൂർ താലൂക്കിലാണ് വ്യത്യസ്മായ പ്രതിഷേധം നടന്നത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു പ്രതിഷേധം.
ജീവനുള്ള മുതലയെ കാള വണ്ടിയിൽ കെട്ടിവെച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബൂർ (ബി) ഗ്രാമത്തിലെ ഒരു ഫാമിൽ നിന്ന് പിടികൂടിയ മുതലയെയാണ് പ്രതിഷേധത്തിനെത്തിച്ചത്. ലക്ഷ്മൺ പൂജാരി എന്ന കർഷകനാണ് ഭീമാ നദിയുടെ തീരത്തുള്ള തൻ്റെ കൃഷിയിടത്തിൽ രാത്രി വിളകൾ നനയ്ക്കുന്നതിനിടെ മുതല കണ്ടത്. തുടർന്ന് അദ്ദേഹം മറ്റ് കർഷകരെ സഹായത്തിനായി വിളിച്ച് മുതലയെ പിടികൂടുകയായിരുന്നു.
നാല് മണി വരെയുള്ള വൈദ്യുതി വിതരണം ആറ് മണി വരെയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. രാത്രിയിൽ വൈദ്യുതി വിതരണം തടസ്സം നേരിടുന്നതിനാൽ മുതലയും പാമ്പും മറ്റ് ഇഴജന്തുക്കളും തങ്ങളെ ആക്രമിക്കുമെന്ന് കർഷകർ പറയുന്നു. ദേവല ഗണഗാപൂർ സ്റ്റേഷനിലെ പിഎസ്ഐ രാഹുൽ പവാഡെ സംഭവസ്ഥലത്തെത്തി കർഷകരെ അനുനയിപ്പിച്ച് മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പിന്നീട് കലബുറഗിയിലെ മിനി മൃഗശാലയിലേക്ക് മുതലയെ കൊണ്ടുപോയി.
Story Highlights : Farmers stage protest at Kalaburagi power supply office with crocodile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here