ടെസ്റ്റ് മത്സരങ്ങളിൽ ജഡേജയുടെ ആരാധകനാണ് ഞാൻ: സഞ്ജയ് മഞ്ജരേക്കർ

ടെസ്റ്റ് മത്സരങ്ങളുടെ കാര്യമെടുക്കുമ്പോൾ താൻ രവീന്ദ്ര ജഡേജയുടെ ആരാധകനാണെന്ന് കമൻ്റേറ്ററും മുൻ താരവുമായ സഞ്ജയ് മഞ്ജരേക്കർ. ഒരു ട്വിറ്റർ ഹാൻഡിൽ ചോദിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മഞ്ജരേക്കർ. ജഡേജയെ തട്ടിക്കൂട്ട് ക്രിക്കറ്റർ എന്നുവിളിച്ച് വിവാദത്തിലായ വ്യക്തിയാണ് മഞ്ജരേക്കർ. പല തവണ ഇദ്ദേഹം ജഡേജയെ വിമർശിച്ചിട്ടുണ്ട്.
‘മഞ്ജരേക്കർ സമ്മതിക്കില്ലായിരിക്കാം. എങ്കിലും ജഡേജയാണ് കപിൽ ദേവിനു ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർ. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജഡേജയുടെ ബാറ്റിംഗ് മെച്ചപ്പെട്ടിട്ടുണ്ട്.’- മഞ്ജരേക്കറെ ടാഗ് ചെയ്ത് ഒരു ട്വിറ്റർ ഹാൻഡിൽ കുറിച്ചു. ഇതിനു മറുപടി ആയാണ് മഞ്ജരേക്കർ രംഗത്തെത്തിയത്. ‘ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ ജഡേജയുടെ വലിയ ആരാധകനാണ് ഞാൻ. വർഷങ്ങളായി അങ്ങനെയാണ്. ടെസ്റ്റാണ് അദ്ദേഹത്തിന് ഏറെ അനുയോജ്യമായ ഫോർമാറ്റ്.’- മഞ്ജരേക്കർ കുറിച്ചു.
അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 131നു മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 32 റൺസ് കൂടി അകലെയാണ് ആതിഥേയർ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ് എന്നിവരാണ് ക്രീസിൽ.
Story Highlights – Big admirer of Ravindra Jadeja says Sanjay Manjrekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here