കാഞ്ഞങ്ങാട് കൊലപാതകം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പെടെയുള്ളവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. കണ്ണൂർ എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപാതകം നടന്ന കല്ലൂരാവിയിലെ മുണ്ടത്തോട് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.
മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകുമെന്നും ഗൂഢാലോചനയുൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്താലെ വ്യക്തമാകു എന്നും ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടി.
കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും ലോക്കൽ പോലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താനായിട്ടില്ല.ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഇർഷാദ് കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണുള്ളത്. റഹ്മാനെ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Story Highlights – kanjangad murder crime branch probe begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here