ഉമേഷ് യാദവിനു പരുക്ക്; ഇന്ത്യക്ക് തിരിച്ചടി

ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി ഉമേഷ് യാദവിനു പരുക്ക്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് ഇന്ത്യൻ പേസർ പരുക്ക് പറ്റി മടങ്ങിയത്. തൻ്റെ നാലാം ഓവറിനിടെയായിരുന്നു താരത്തിൻ്റെ മടക്കം. രണ്ടാം ഓവറിൽ തന്നെ ഓസീസ് ഓപ്പണർ ജോ ബേൺസിനെ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ച താരം മികച്ച ഫോമിലായിരുന്നു. ഉമേഷ് ഇനി പന്തെറീയാൻ എത്തില്ലെങ്കിൽ അത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.
ഇന്നിംഗ്സിലെ എട്ടാം ഓവറിലെ റണ്ണപ്പിനിടെ മുട്ട് വേദനയെ തുടർന്ന് താരം ബൗളിംഗ് നിർത്തുകയായിരുന്നു. മുഹമ്മദ് സിറാജ് ആണ് പിന്നീട് ഈ ഓവർ പൂർത്തിയാക്കിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ വെച്ച് മുഹമ്മദ് ഷമിക്കും പരുക്കേറ്റിരുന്നു. ഷമിക്ക് പകരമാണ് സിറാജ് ടീമിൽ ഇടം നേടിയത്. ഇഷാന്ത് ശർമ്മയ്ക്കും പരുക്കാണ്.
അതേ സമയം, രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുകയാണ്. ആദ്യ ഇന്നിംഗ്സിൽ 131 റൺസ് ലീഡ് വഴങ്ങിയ ആതിഥേയർക്ക് രണ്ടാം ഇന്നിംഗ്സിൽ 71 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ജോ ബേൺസ് (0), മാർനസ് ലെബുഷെയ്‌ൻ (28), സ്റ്റീവ് സ്മിത്ത് (8) എന്നിവരാണ് പുറത്തായത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ നിന്ന് 58 റൺസ് അകലെയാണ് ഓസീസ്. 32 റൺസെടുത്ത മാത്യു വെയ്ഡും ഒരു റൺസുമായി ട്രാവിസ് ഹെഡും ക്രീസിൽ തുടരുകയാണ്.
Story Highlights – umesh yadav injured during second test vs australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here