കാലത്തിന്റെ കുത്തൊഴുക്കിലും ഒഴുകിയകലാത്ത ദശകത്തിലെ ‘ദശാവതാരങ്ങള്‍’

3- പല്ലവി- പാര്‍വ്വതി തിരുവോത്ത് (സിനിമ- ഉയരെ)
ഉള്‍ക്കരുത്തുകൊണ്ട് ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടി പകരുന്ന പ്രതീക്ഷ ചെറുതല്ല. ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ മാത്രമല്ല, മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്കൊണ്ട് ശ്വാസം മുട്ടി ജീവിക്കുന്ന ഓരോ പെണ്‍കുട്ടികളുടേയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മനു അശോകന്റെ ആദ്യ സംവിധാനമായ ഉയരെ 2019-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.
ഗ്ലാമര്‍ അധികമില്ലാതിരുന്ന വേഷമാണ് പല്ലവി രവീന്ദ്രന്റേത്. മുഖത്തിന്റെ പാതി ആസിഡ് വീണ് വികൃതമായ പല്ലവിയെ സധൈര്യം പാര്‍വ്വതി ഹൃദയത്തിലേറ്റെടുത്തു. അതിരുകളില്ലാത്ത ആകാശത്ത് പറക്കാന്‍ കൊതിച്ച പല്ലവിക്ക് നേരിടേണ്ടി വന്ന ഒരോ കഠിനജീവിതസാഹചര്യങ്ങളേയും പാര്‍വതി എന്ന അഭിനേതാവ് അനശ്വരമാക്കി.

4- സജി-സൗബിന്‍ ഷാഹിര്‍ (സിനിമ- കുമ്പളങ്ങി നൈറ്റ്‌സ്)
ഉള്ളിലടക്കിയ വേദനകളെ ഒരു പൊട്ടിക്കരച്ചില്‍ക്കൊണ്ട് പുറത്തേക്കൊഴുക്കിയ സജി. ജീവിതത്തിലേയ്ക്ക് തിരികെ കയറാന്‍ മോഹിച്ച സജി കേവലം ഒരു കഥാപാത്രം മാത്രമായിരുന്നില്ല. അതിനുമപ്പുറം പ്രേക്ഷകര്‍ക്ക് ഒരു അനുഭവം കൂടിയായിരുന്നു. കുമ്പളങ്ങിയിലെ സജിയായി സൗബിന്‍ ഷാഹിര്‍ എത്തിയപ്പോള്‍ നൈസര്‍ഗിക ഭാവഭേദങ്ങളുടെ പകര്‍ന്നാട്ടമായിരുന്നു ആ കഥാപാത്രത്തിലുടനീളം പ്രതിഫലിച്ചത്. മധു സി നാരയണന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.
സ്വന്തം സഹോദരന്‍ ചേട്ടാ എന്ന് വിളിക്കുമ്പോള്‍ ഉറക്കെ ചിരിച്ച് തൃപ്തിയടയുന്ന, കൊട്ടത്തേങ്ങ കാര്‍ന്ന് തിന്നുന്ന ഒരു അസാധാരണമായ സാധാരണക്കാരനാവുകയായിരുന്നു ചിത്രത്തിലെ സജി എന്ന കഥാപാത്രം. സ്‌നേഹം മാത്രം പകുത്തു നല്‍കുന്ന കുടുംബ നാഥന്‍. മറ്റുള്ളവരെ ഒറ്റക്കല്ലെന്ന് തോന്നിപ്പിക്കുമ്പോഴും സജി ഉള്ളുകൊണ്ട് അനുഭവിച്ച ഒറ്റപ്പെടല്‍ ചെറുതല്ല. ആ ഒറ്റപ്പെടലിന്റെ തീവ്രതയില്‍ നിന്നുമാണ് ഒരു ഡോക്ടറിന്റെ അരികില്‍ സ്വയം മറന്ന് പൊട്ടിക്കരഞ്ഞതും. സിനിമാറ്റിക്കില്‍ നിന്നും മാറി റിയലിസ്റ്റിക്കായ ഒരു കഥാപരിസരത്ത് നിലയുറപ്പിച്ച സജി എന്ന കഥാപാത്രത്തെ സൗബിന്‍ ഷാഹിര്‍ പരിപൂര്‍ണ്ണതയിലെത്തിച്ചപ്പോള്‍ കുമ്പളങ്ങിയിലെ രാത്രികള്‍ക്ക് ഭംഗിയേറി.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here