നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റ സീറ്റ് മുസ്ലീം ലീഗിന് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റ സീറ്റ് മുസ്ലീം ലീഗിന് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം മണ്ഡലത്തിലെ ലീഗിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും പഴയകാലചരിത്രം പറഞ്ഞ് ഇനി ലീഗിന് സീറ്റ് നിഷേധിക്കാനാകില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞതവണ എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാറാണ് കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്. അധികമായി ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൽപറ്റ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുമുണ്ട്.

ജനതാദൾ മത്സരിച്ചിരുന്ന കൽപറ്റയിൽ മാറിയ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ലീഗിനെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ഇത്തവണ കണക്കുകൾ നിരത്തിയാണ് യൂത്ത് ലീഗ് മണ്ഡലം ആവശ്യപ്പെടുന്നത്. നിയമസഭാമണ്ഡലം പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയിലും ആയി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 109 വാർഡുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ, കോൺഗ്രസ് 50 വാർഡുകളിൽ മാത്രമായി ചുരുങ്ങിയപ്പോൾ 76 വാർഡുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 52 ഇടങ്ങളിലും വിജയിച്ചെന്നാണ് നേതാക്കളുടെ അവകാശവാദം. ഇതുകൊണ്ട് തന്നെ കൽപറ്റയിൽ ലീഗിന് സീറ്റ് നൽകിയാൽ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നാണ് യൂത്ത് ലീഗ് പ്രതീക്ഷ.

കൽപറ്റ സീറ്റാവശ്യപ്പെട്ട് യൂത്ത് ലീഗ് പാർട്ടി നേതൃത്വത്തേയും യുഡിഎഫ് നേതൃത്വത്തേയും സമീപിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്ന് അധികമായി ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൽപറ്റ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുമുണ്ട്.

Story Highlights – Youth League has demanded that the Kalpetta seat in the Assembly elections be handed over to the Muslim League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top