കല്ലൂരാവി ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം : നിർണായക തെളിവ് കണ്ടെത്തി

kasargod kalluravi dyfi worker attack crucial evidence found

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ്റെ കൊലപാതകത്തിൽ നിർണായക തെളിവ് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും പത്തു മീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി ഇർഷാദിന്റെ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച രാത്രി അബ്ദുൾ റഹ്മാനെ കുത്തി വീഴ്ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ കത്തി വലിച്ചെറിഞ്ഞെന്നായിരുന്നു ഇർഷാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുണ്ടത്തോടെ കൊലനടന്ന സ്ഥലത്തിന് സമീപം തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സംഭവ സ്ഥലത്ത് നിന്നും പത്തു മീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. രക്തക്കറ പുരണ്ട കത്തി ഇർഷാദിനെ കൊണ്ടുതന്നെ അന്വേഷണ സംഘം ഉറപ്പു വരുത്തി.

കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ബുധനാഴ്ച രാത്രിയോടെയാണ് കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി ഒരാഴ്ചയ്ക്ക് ശേഷമാണ് നിർണായക തെളിവായ റഹ്മാനെ കുത്താൻ ഉപയോഗിച്ച കത്തി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുന്നത്. റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളായ എം എസ് എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസ്സൻ യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കത്തി കണ്ടെടുത്ത സാഹചര്യത്തിൽ മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

Story Highlights – kasargod kalluravi dyfi worker attack crucial evidence found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top