ആരാധകൻ ഭക്ഷണത്തിന്റെ ബില്ലടച്ച സംഭവം; താരങ്ങൾ ബയോ ബബിൾ ലംഘിച്ചോ എന്ന് ബിസിസിഐ അന്വേഷിക്കും

രോഹിത് ശർമ്മ അടക്കമുള്ള അഞ്ച് ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിച്ചതിൻ്റെ ബിൽ ആരാധകൻ അടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ വിവാദം. താരങ്ങൾ ബയോ ബബിൾ ലംഘിച്ചോ എന്ന സംശയമാണ് ഇപ്പോൾ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഉയർത്തുന്നത്. സംഭവത്തിൽ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചു.
രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ താരങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ബയോ ബബിളിനുള്ളിലായിരുന്ന താരങ്ങൾ അത് ലംഘിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും റെസ്റ്റോറൻ്റിനു പുറത്ത് ഇരിപ്പിട സൗകര്യം ഒരുക്കി അവിടെ ഇരുന്ന് കഴിക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശം. എന്നാൽ, താരങ്ങൾ റെസ്റ്റോറൻ്റിനുള്ളിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഒപ്പം ആരാധകനുമായി അടുത്ത് ഇടപഴകിയതും ഋഷഭ് പന്ത് ഇയാളെ ആലിംഗനം ചെയ്തതും ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
Read Also : ഐസിസി റാങ്കിംഗ്: തലപ്പത്ത് കോലിയും രോഹിതും തന്നെ; ബുംറ ഒരു പടി താഴേക്ക്
പരുക്കിൽ നിന്ന് മുക്തനായതിനു ശേഷം കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന രോഹിത് ശർമ്മയെ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. താരം ബ്രിസ്ബണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടും എന്നത് തീർച്ചയാണ്. ഇവർക്കൊപ്പം ടീമിൽ ഇടം ഉറപ്പിച്ച ശുഭ്മൻ ഗിൽ, റിഷഭ് പന്ത് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയെങ്കിൽ ഇവർക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. വീണ്ടും ക്വാറൻ്റീനിൽ ഇരുന്ന് കൊവിഡ് നെഗറ്റീവായാലേ ബയോ ബബിളിൽ പ്രവേശിക്കാനാവൂ.
Story Highlights – BCCI investigating bio-bubble breach after 5 Indian players meet an Indian fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here