റെസ്റ്റോറന്റിൽ വച്ച് ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യും

Rohit Pant Gill Isolation

ഓസ്ട്രേലിയയിലെ റസ്റ്റോറൻ്റിൽ വച്ച് ആരാധകനുമായി ഇടപഴകിയ സംഭവത്തിൽ അഞ്ച് ഇന്ത്യൻ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യും. മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിൽ ഇവർ മറ്റ് ടീം അംഗങ്ങൾക്കൊപ്പം ഉണ്ടാവില്ല. ഈ അഞ്ച് താരങ്ങളും പ്രത്യേകമായാവും പരിശീലനത്തിൽ ഏർപ്പെടുക. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്.

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ താരങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ബയോ ബബിളിനുള്ളിലായിരുന്ന താരങ്ങൾ അത് ലംഘിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും റെസ്റ്റോറൻ്റിനു പുറത്ത് ഇരിപ്പിട സൗകര്യം ഒരുക്കി അവിടെ ഇരുന്ന് കഴിക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശം. എന്നാൽ, താരങ്ങൾ റെസ്റ്റോറൻ്റിനുള്ളിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഒപ്പം ആരാധകനുമായി അടുത്ത് ഇടപഴകിയതും ഋഷഭ് പന്ത് ഇയാളെ ആലിംഗനം ചെയ്തതും ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കപ്പെടുന്നത്.

Read Also : ആരാധകൻ ഭക്ഷണത്തിന്റെ ബില്ലടച്ച സംഭവം; താരങ്ങൾ ബയോ ബബിൾ ലംഘിച്ചോ എന്ന് ബിസിസിഐ അന്വേഷിക്കും

എന്നാൽ, പന്ത് തന്നെ ആലിംഗനം ചെയ്തു എന്ന് പറഞ്ഞത് ആരാധകൻ തിരുത്തിയിരുന്നു. പന്ത് തന്നെ ആലിംഗനം ചെയ്തില്ലെന്നും തങ്ങൾ സാമൂഹിക അകലം പാലിച്ചിരുന്നു എന്നും ഇയാൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. സംഭവത്തിൽ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണം നടത്തുകയാണ്. മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടം ഉറപ്പിച്ച രോഹിത്, ഗിൽ, പന്ത് എന്നിവർ സംഭവത്തിൽ ഉൾപ്പെട്ടത് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടിയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയെങ്കിൽ ഇവർക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. വീണ്ടും ക്വാറൻ്റീനിൽ ഇരുന്ന് കൊവിഡ് നെഗറ്റീവായാലേ ബയോ ബബിളിൽ പ്രവേശിക്കാനാവൂ.

Story Highlights – Rohit, Pant, Gill, Saini & Shaw in Isolation; CA, BCCI to Probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top