റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി

കൊറോണ വെല്ലുവിളികള്‍ക്ക് ഇടയിലും റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പരമ്പരാഗത കീഴ്‌വഴക്കങ്ങള്‍ എല്ലാം പുനര്‍നിശ്ചയിച്ച് നടക്കുന്ന പരേഡില്‍ പരമാവധി 25,000 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.
റെക്ടാങ്കുലര്‍ ഫോര്‍മേഷന് പകരം ഇത്തവണ സ്‌ക്വയര്‍ ഫോര്‍മെഷനിലാകും കണ്ടിജന്റുകള്‍ ഇത്തവണ മാര്‍ച്ച് ചെയ്യുക. 144 അംഗങ്ങള്‍ക്ക് പകരം 96 അംഗങ്ങളാകും ഒരോ കണ്ടിജന്റിലും. നിയന്ത്രണങ്ങള്‍ക്കിടയിലും ചരിത്രത്തില്‍ രണ്ടാമതായാണ് ഒരു വിദേശ രാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന അഘോഷ പരിപാടിയില്‍ പങ്കെടുക്കുക. ബംഗ്ലാദേശ് രൂപീകരണത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് സൈന്യത്തിന് പരേഡില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നത്. 96 ബംഗ്ലാദേശ് സൈനികരുടെ കണ്ടിജന്റ് ആകും പങ്കെടുക്കുക. 2016 ല്‍ ഫ്രഞ്ച് സൈന്യം ആണ് ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായത്.
130 സൈനികര്‍ അന്ന് രാജ് പഥില്‍ മാര്‍ച്ച് ചെയ്തു. സാധാരണ വര്‍ഷങ്ങളില്‍ റെഡ് ഫോര്‍ട്ട് വരെ നീളുന്ന പരേഡ് ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊയര്‍ ഓഫ് കേരള എന്നതാണ് വിഷയം. 2013 ല്‍ ഒന്നാം സ്ഥാനം നേടിയതിന് ശേഷം 2018ലാണ് കേരളത്തിന് നിശ്ചല ദൃശ്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.
Story Highlights – republic day, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here