കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തന്നെ തിരികെ എത്തിയേക്കും

rahul gandhi in kerala today

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തും. രാഹുല്‍ ഗാന്ധി സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതോടെ ആണ് രാഹുല്‍ അധ്യക്ഷനാകാനുള്ള സാധ്യത വീണ്ടും ഒരുങ്ങുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരവ് സ്വപ്നം കാണുന്ന കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം നടത്തിയെ മതിയാകൂ. സ്ഥിരം അധ്യക്ഷനില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റാത്തതാണ് അവസ്ഥയെന്നതിനാല്‍ ആണ് അധ്യക്ഷനെ നിയമിക്കാനുള്ള പാര്‍ട്ടിയുടെ തയാറെടുപ്പ്.

Read Also : കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്

ഇക്കാര്യത്തില്‍ നേരത്തെ രാഹുല്‍ വിരുദ്ധ സമീപനം സ്വീകരിച്ച വിമതരും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ പദത്തില്‍ എത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ച സൂചനകളാണ് വിമതരുടെ നിലപാട് മാറ്റത്തിന് കാരണം.

രാഹുല്‍ ഗാന്ധി സ്വയം മുന്നോട്ട് വന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ തങ്ങള്‍ ആരും എതിര്‍ക്കില്ലെന്ന് ഇപ്പോള്‍ വിമത നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളും സോണിയാ ഗാന്ധിയും ചെലുത്തിയ സമ്മര്‍ദം ഫലം കാണുന്നു എന്നാണ് മുതിര്‍ന്ന കോണ്‍ ഗ്രസ് വക്താക്കള്‍ നല്‍കുന്ന വിവരം.

രാഹുല്‍ സമ്മതമറിയിച്ചാല്‍ പ്രവര്‍ത്തക സമിതി യോഗവും പിന്നാലെ പ്ലീനറി സമ്മേളനവും നടത്തി അദ്ദേഹത്തെ പ്രസിഡന്റാക്കും. ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ശുഭ വാര്‍ത്ത ഉണ്ടാകും എന്നാണ് കോണ്‍ഗ്രസ് വക്താക്കളുടെ പ്രതികരണം. ദേശീയ നേതൃത്വത്തില്‍ അഴിച്ച് പണി നടത്തി പുതിയ സംഘാംഗങ്ങള്‍ക്കൊപ്പം ആകും രാഹുല്‍ ഗാന്ധി അധ്യക്ഷ പദം ഏറുക.

Story Highlights – congress, rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top