കേരളത്തിന്റെ ആരോ​ഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അം​ഗീകാരം; രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു

കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങൾ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളിൽ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ അക്ഷയ കേരളത്തെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിൻ്റെ ഭാഗമായി 2025- ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ‘എൻ്റെ ക്ഷയരോഗമുക്ത കേരളം’ എന്ന പദ്ധതി നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയത്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു,

അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ക്ഷയരോഗം കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, പ്രമേഹരോഗമുള്ളവര്‍, പുകവലി-അമിത മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവുള്ളവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കും രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയില്‍ വിയര്‍ക്കുക എന്നീ ലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് പരിശോധനയോടൊപ്പം തന്നെ ക്ഷയരോഗ പരിശോധനയും നടത്തുവാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights – Akshaya keralam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top