സിഡ്നി ടെസ്റ്റ്; ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം; സ്മിത്തിന് ഇളക്കമില്ല

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എടുത്തിട്ടുണ്ട്. അർദ്ധസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ക്രീസിൽ തുടരുകയാണ്. മാർനസ് ലബുഷെയ്ൻ (91), മാത്യു വെയ്ഡ് (13), കാമറൂൺ ഗ്രീൻ (0) എന്നിവരാണ് ഇന്ന് ആദ്യ സെഷനിൽ പുറത്തായത്.
രണ്ടാം ദിവസം 2 വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. സ്മിത്ത്-ലബുഷെയ്ൻ സഖ്യം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നേറവെ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ലബുഷെയ്നെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് ജഡേജ 100 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നാലെ എത്തിയ മാത്യു വെയ്ഡിനെയും ജഡേജ തന്നെയാണ് പുറത്താക്കിയത്. ആക്രമിച്ചു കളിച്ച വെയ്ഡിനെ ജഡേജ ബുംറയുടെ കൈകളിൽ എത്തിച്ചു. ന്യൂ ബോൾ എടുത്ത് അഞ്ചാമത്തെ ഓവറിൽ ഓസ്ട്രേലിയക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. കാമറൂൺ ഗ്രീനിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ബുംറ മത്സരത്തിലെ ആദ്യ വിക്കറ്റാണ് സ്വന്തമാക്കിയത്. സ്മിത്ത് (76) ക്രീസിൽ തുടരുകയാണ്.
Read Also : മൂന്നാം ടെസ്റ്റ്: ഒന്നാം ദിനത്തിൽ ഓസ്ട്രേലിയക്ക് മേൽക്കൈ
ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർബോർഡിൽ 6 റൺസ് മാത്രം ഉള്ളപ്പോൾ അവർക്ക് വാർണറെ നഷ്ടമായി. ഓസീസ് ഓപ്പണറെ മുഹമ്മദ് സിറാജ് ചേതേശ്വർ പൂജാരയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പുകോവ്സ്കി-ലബുഷെയ്ൻ സഖ്യം ഓസ്ട്രേലിയക്ക് മേൽക്കൈ നൽകി. മൂന്നു തവണ ലൈഫ് ലഭിച്ച പുകോവ്സ്കി ഇതിനിടെ കരിയറിലെ ആദ്യ അർദ്ധസെഞ്ചുറി തികച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസിൻ്റെ കൂട്ടുകെട്ടുയത്തി. പുകോവ്സ്കിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ അരങ്ങേറ്റക്കാരൻ നവദീപ് സെയ്നിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
Story Highlights – australia lost 5 wickets vs india in third test