മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; 125 പവൻ സ്വർണവും 65,000 രൂപയും മോഷ്ടിച്ചു

മലപ്പുറം എടപ്പാൾ ചേകന്നൂരിലെ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ ബന്ധു വീട്ടിലേക്ക് പോയ കുടുംബം രാത്രി ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. താഴത്തെ നിലയിലെ മുറിയുടെ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയെന്ന് മനസിലായത്. ഇതോടൊപ്പം ഉണ്ടായിരുന്ന 65,000 രൂപയും കാണാതായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് കുട്ടിയുടെ മകൻ്റെ വിവാഹം നടന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് വീട്ടുകാർ സംശയിക്കുന്നു. വാതിലുകൾ തുറക്കാതെ, അലമാരയുടെ പൂട്ട് പൊളിക്കാതെ നടന്ന മോഷണം ദുരൂഹത വർധിപ്പിക്കുന്നു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Story Highlights – Theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top