സിഡ്നി ടെസ്റ്റ്: ഇന്ത്യയുടെ അവസാന 6 വിക്കറ്റുകൾ വീണത് 49 റൺസിന്; ഓസ്ട്രേലിയക്ക് ലീഡ്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് 94 റൺസ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 244 റൺസിനു പുറത്താക്കിയാണ് ആതിഥേയർ ലീഡെടുത്തത്. ഇന്ത്യക്കായി ചേതേശ്വർ പൂജാര, ശുഭ്മൻ ഗിൽ എന്നിവർ ഫിഫ്റ്റി നേടി. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് റണ്ണൗട്ടായത്. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 338 റൺസെടുത്ത് പുറത്താവുകയായിരുന്നു.
2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ഏരെ വൈകാതെ ഇന്ത്യക്ക് രഹാനയെ നഷ്ടമായി. 22 റൺസെടുത്ത ഇന്ത്യൻ നായകനെ പാറ്റ് കമ്മിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഹനുമ വിഹാരി (4) അനാവശ്യമായി റണ്ണൗട്ടായതോടെ ഇന്ത്യ പതറി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പന്ത്-പൂജാര സഖ്യം വലിയ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു.
Read Also : സിഡ്നി ടെസ്റ്റ്: ഇന്ത്യ പൊരുതുന്നു; 4 വിക്കറ്റ് നഷ്ടം
രണ്ടാം സെഷനിൽ ചേതേശ്വർ പൂജാര ഫിഫ്റ്റി തികച്ചു. എന്നാൽ, ന്യൂ ബോളെടുത്ത ഓസ്ട്രേലിയക്ക് ഉടൻ അതിൻ്റെ ഗുണം കിട്ടി. റിഷഭ് പന്തിനെ (36) ഹേസൽവുഡ് വാർണറുടെ കൈകളിൽ എത്തിച്ചപ്പോൾ ചേതേശ്വർ പൂജാര (50) കമ്മിൻസിൻ്റെ പന്തിൽ ടിം പെയ്നു ക്യാച്ച് സമ്മാനിച്ച് മടങ്ങി. തുടരെ വീണ ഈ വിക്കറ്റുകൾ ഇന്ത്യയുടെ നടുവൊടിച്ചു. പിന്നീട് എല്ലാം ചടങ്ങു മാത്രമായിരുന്നു. അശ്വിൻ (10), ബുംറ (0) എന്നിവർ റണ്ണൗട്ടായപ്പോൾ സെയ്നി (4) സ്റ്റാർക്കിൻ്റെ പന്തിൽ വെയ്ഡിൻ്റെ കൈകളിൽ അവസാനിച്ചു. മുഹമ്മദ് സിറാജാണ് (6) അവസാന വിക്കറ്റായി പുറത്തായത്. സിറാജിനെ കമ്മിൻസ് ടിം പെയ്ൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചുനിന്ന് ചില ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ ജഡേജ (28) പുറത്താവാതെ നിന്നു.
Story Highlights – india allout for 244 against australia in third test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here