സിഡ്നി ടെസ്റ്റ്: ഓപ്പണർമാർ പുറത്ത്; ഇന്ത്യക്ക് അവസാന ദിവസം വിജയിക്കാൻ വേണ്ടത് 309 റൺസ്

india 98 australia test

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ അവസാന ദിവസം ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 309 റൺസ്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (31), രോഹിത് ശർമ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ.

പോസിറ്റീവായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഓസീസ് ബൗളർമാരെ മികച്ച രീതിയിൽ നേരിട്ട ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 71 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഹേസൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി ബാറ്റ് ചെയ്തിരുന്ന ഗില്ലിനെ ഹേസൽവുഡ് ടിം പെയ്ൻ്റെ കൈകളിൽ എത്തിച്ചു. ഗിൽ പുറത്തായിട്ടും നന്നായി ബാറ്റിംഗ് തുടർന്ന രോഹിത് ലിയോണിനെതിരെ ബൗണ്ടറിയടിച്ച് ഫിഫ്റ്റി നേടി. എന്നാൽ, ഫിഫ്റ്റിക്ക് പിന്നാലെ, കമ്മിൻസിനെതിരെ ഒരു അനാവശ്യ ഷോട്ട് കളിച്ച് താരം പുറത്തായി. രോഹിതിനെ മിച്ചൽ സ്റ്റാർക്ക് പിടികൂടുകയായിരുന്നു.

Read Also : സിഡ്നി ടെസ്റ്റ്: ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു; ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം

അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന പൂജാര- രഹാനെ സഖ്യം നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്താണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 406 റൺസ് ലീഡിലാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 84 റൺസെടുത്ത കാമറൂൺ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (81), മാർനസ് ലബുഷെയ്ന്ൻ (73) എന്നിവരും ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി.

Story Highlights – india 98 for 2 vs australia in 3rd test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top