കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ ഇനി സംസ്ഥാനത്തെ ആദ്യ ഹരിത ജയില്‍

കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി മന്ത്രി ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ ഹരിത ജയിലായി മാറിയത്. ജയില്‍ മുറ്റത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജന്‍, ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് വൃക്ഷത്തൈകള്‍ കൈമാറിയായിരുന്നു പ്രഖ്യാപനം.

അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും മാറ്റിയ ശേഷമാണ് ജയിലില്‍ കൃഷി തുടങ്ങിയത്. ജയിലിലെ മത്സ്യക്കൃഷിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു സെന്റ് സ്ഥലത്ത് ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുളമൊരുക്കിയാണ് മത്സ്യക്കൃഷി. ആയിരം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു. മൂന്നരയേക്കറില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍ വളപ്പിലാകെ കൃഷി ചെയ്യുന്നുണ്ട്.

റിമാന്‍ഡ് തടവുകാരെ ഉപയോഗിച്ചാണ് കൃഷി. വിളവുകള്‍ ജയിലിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. സ്വന്തം പുസ്തക ശേഖരത്തില്‍ നിന്ന് കഥാകൃത്ത് ടി. പത്മനാഭന്‍ സ്‌പെഷ്യല്‍ സബ് ജയിലിലെ ലൈബ്രറിയിലേക്ക് നല്‍കിയ 106 പുസ്തകങ്ങള്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഏറ്റുവാങ്ങി.

Story Highlights – Kannur Special Sub Jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top