പാലാ സീറ്റ്; മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാനൊരുങ്ങി എന്‍സിപി

പാലാ സീറ്റിനെച്ചൊല്ലിയുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാനൊരുങ്ങി എന്‍സിപി. വിഷയത്തില്‍ സിപിഐഎം മൗനം തുടര്‍ന്നതോടെയാണ് എന്‍സിപി നീക്കം. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ഘടകവിരുദ്ധമായ നിലപാടാണ് എ. കെ. ശശീന്ദ്രന്‍ സ്വീകരിച്ചത്. സീറ്റിനായി ജോസ് കെ. മാണിക്കും എന്‍സിപിക്കും ഒരുപോലെ അവകാശവാദം ഉന്നയിക്കാമെന്നായിരുന്നു ശശീന്ദ്രന്റെ രാഷ്ട്രീയ കൗതുകം നിറഞ്ഞ പ്രസ്താവന.
പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ എന്‍സിപി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകളെ സംസ്ഥാന അധ്യക്ഷന്‍ ടി. പി. പീതാംബരന്‍ പാടേ തള്ളുകയാണ്. എന്നാല്‍ സീറ്റ് വിവാദത്തില്‍ സിപിഐഎം മൗനം തുടരുന്നത് എന്‍സിപിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിലെ അതൃപ്തിയും എന്‍സിപി പരസ്യമാക്കുന്നു. ഇടതുമുന്നണിയില്‍ തുടരണമെന്ന നിര്‍ദേശം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നല്‍കിയെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കാനാണ് എന്‍സിപിയില്‍ ഔദ്യോഗിക ചേരിയുടെ നീക്കം.
ഇതിനിടെ എന്‍സിപിയിലെ ആഭ്യന്തര കലഹവും കൂടുതല്‍ രൂക്ഷമായി. മത്സരരംഗത്ത് തലമുറ മാറ്റം വേണമെന്ന ടി. പി. പീതാംബരന്റെ പ്രസ്താവനയിലാണ് ഭിന്നത മറനീക്കിയത്. തലമുറ മാറ്റം തന്നെ മാത്രം ഉദ്ദേശിച്ചാവരുതെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ശശീന്ദ്രന്റെ പ്രസ്താവന ടി. പി. പീതാംബരനുള്ള മറുപടിയായി ഫലത്തില്‍ മാറി. ഒരു പടി കൂടി കടന്ന് പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ഇരുകക്ഷികള്‍ക്കും അവകാശമുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ടി.പി. പീതാംബരന്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത ജില്ലാ നേതൃയോഗത്തില്‍ ശശീന്ദ്രന്‍ പങ്കെടുത്തതുമില്ല. തര്‍ക്കങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നായിരുന്നു ജോസ് കെ. മാണിയുടെ സൂക്ഷ്മതയോടെയുള്ള പ്രതികരണം. മുന്നണി മാറ്റത്തെ രണ്ടാം നിര നേതാക്കളുടെ പിന്തുണയോടെ ശശീന്ദ്രന്‍ പക്ഷം ശക്തമായി എതിര്‍ത്തതോടെയാണ് കാപ്പന്‍ ചേരിയുടെ നീക്കം താത്കാലികമായെങ്കിലും വഴിമുട്ടിയത്.
Story Highlights – Pala seat – NCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here