സംസ്ഥാന ബജറ്റ്; പ്രതീക്ഷയോടെ കര്‍ഷകര്‍; പ്രത്യേക പാക്കേജ് അനുവദിക്കുമോ

ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ ജനക്ഷേമ പദ്ധതികളും കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടോയെന്നറിയുന്നതിനായാണ് കാത്തിരിപ്പ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കാര്‍ഷിക മേഖലയാകെ സ്തംഭിച്ചപ്പോള്‍ സര്‍ക്കാര്‍ തറവിലയും പ്രാദേശിക ചന്തകളും ഒരുക്കി കര്‍ഷകര്‍ക്ക് സഹായം എത്തിച്ചിരുന്നു.

കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സമയത്തായിരുന്നു പച്ചക്കറി വിളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങായത്.

കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്.

അതോടൊപ്പം നെല്‍കൃഷിയ്ക്കനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്ന പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും റോയല്‍റ്റി ലഭിക്കുന്നതായിരുന്നു പദ്ധതി.

കൊവിഡ് കാലം ആഘാതം ഏല്‍പ്പിച്ചതോടെ ഇഞ്ചി, കുരുമുളക്, കാപ്പി വിളകള്‍ക്കൊന്നും വിലയില്ലാതായി. അതിനാല്‍ തന്നെ കാര്‍ഷിക മേഖലയ്ക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കുമോയെന്ന പ്രതിക്ഷയിലാണ് കര്‍ഷകര്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ബജറ്റ് വോട്ടര്‍മാരെ നിരാശപ്പെടുത്തുന്നതാകില്ലെന്ന സൂചനകള്‍ ധനമന്ത്രി നല്‍കിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എത്തുന്ന ബജറ്റില്‍ നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ എന്തൊക്കെയുണ്ടാകും എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

Story Highlights – State budget – farmers – special package

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top