കണ്ണൂരിൽ സ്ഥലം ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ; ആത്മഹത്യാ ഭീഷണി

കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ നിർദ്ദിഷ്ട ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധക്കാരിൽ ഒരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വേളാപുരം -പാപ്പിനിശ്ശേരി നിർദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയിൽ അലൈൻമെന്റിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ ഏറെക്കാലമായി സമരത്തിലാണ്. സ്വകാര്യ കമ്പനിയെ സഹായിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം. ഇതേ തുടർന്ന് ഇവർ സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുരുത്തിയിലെത്തിയത്. ഇവരെ പ്രദേശവാസികൾ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളായ രാഹുൽ ദേഹത്ത് പെട്രാൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് സമരസമിതി കൺവീനർ നിഷിൽകുമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെ സർവ്വേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. എന്നാൽ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലമാണിതെന്നും പ്രതിഷേധങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ നടപടികളുമായി മുന്നോട്ട് പോകുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്തെ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കലക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

Story Highlights – suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top