നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങും

UDF seat-sharing next week

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങും. നിയമസഭാ സമ്മേളനം സമാപിക്കുന്നതോടെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

കോൺഗ്രസ് 87, മുസ്ലീം ലീഗ് 24, കേരളാ കോൺഗ്രസ് എം 15, ലോക്താന്ത്രിക് ജനതാദൾ ഏഴ്, ആർഎസ്പി നാല്, കേരളാ കോൺഗ്രസ് ജേക്കബ്, സിഎംപി എന്നീ പാർട്ടികൾ ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു 2016ലെ യുഡിഎഫിലെ സീറ്റ് നില. ഇതിൽ ലോക്താന്ത്രിക് ജനതാദളും ജോസ് കെ മാണിയും മുന്നണി വിട്ടു. ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക് പോയെങ്കിലും കരുത്തു ചോർന്നില്ലെന്ന് അവകാശപ്പെടുന്ന പിജെ ജോസഫ്, കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മൽസരിച്ച 15 സീറ്റും വേണമെന്ന് ആവശ്യപ്പെടുന്നു. 10 സീറ്റിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

Read Also : തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുന്നണികൾ

കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിൽ നിന്ന് 30 സീറ്റ് വരെ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നു. എന്നാൽ മലബാറിലും തെക്കൻ കേരളത്തിലും ഓരോ സീറ്റ് കൂടി നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. ഇതോടൊപ്പം വിജയ സാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ തമ്മിൽ വച്ചുമാറാമെന്ന നിർദ്ദേശവും ലീഗിനുണ്ട്.

ആർഎസ്പിയും ജേക്കബ് ഗ്രൂപ്പും ഇത്തവണ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നു. ഇതിന് പുറമേ പുതുതായി മുന്നണിയിലെത്തിയ ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകിയേക്കും. എൻസിപി യുഡിഎഫിൽ എത്തിയാൽ നാലു സീറ്റ് അവർക്ക് നൽകേണ്ടി വരും. ഇത്തവണ 90 ൽ അധികം സീറ്റിൽ മത്സരിച്ച് 50 ഇടത്തെങ്കിലും വിജയം നേടാനാണ് കോൺഗ്രസ് ലക്ഷ്യം. നിയമസഭാ സമ്മേളനം പൂർത്തിയാകുന്നതോടെ ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. ഒരുമാസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണം തുടങ്ങാനാകും യുഡിഎഫ് ശ്രമം. പക്ഷെ ഘടകകക്ഷികൾ നിലപാട് കടുപ്പിച്ചാൽ ഉഭയകക്ഷി ചർച്ച അത്ര എളുപ്പമാകില്ല.

Story Highlights – UDF seat-sharing talks for the Assembly elections will begin next week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top