നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല; വാഹന നികുതിയിലും ഇളവുകള്‍ പ്രതീക്ഷിക്കാം

സംസ്ഥാന ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തനത് നികുതി വരുമാനത്തിലും വന്‍കുറവുണ്ടാകുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം.

കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്കായി വായ്പയെടുക്കുകയെന്നതാകും പോംവഴിയെന്ന് ധനമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ നികുതി വര്‍ധിപ്പിക്കില്ല. ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുവെങ്കിലും ഇത്തവണ അതുണ്ടാകില്ല. വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനുമായി പണം ജനങ്ങളുടെ കൈകളിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കുമാകും മുന്‍ഗണന.

സംസ്ഥാനത്ത് പുതിയ തൊഴിലുണ്ടാകണമെന്നും തൊഴില്‍ അവസരം വര്‍ധിക്കണമെന്നും ധനമന്ത്രി ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു.

Story Highlights – Exemptions expected in vehicle taxes, kerala budget 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top