Advertisement

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധ പദവി സംബന്ധിച്ച വിവാദ ലേഖനം; വൈദികർക്ക് എതിരെ നടപടിക്ക് സീറോ മലബാർ സഭ

January 17, 2021
Google News 3 minutes Read

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധ പദവി സംബന്ധിച്ച വിവാദ ലേഖനത്തിലും വ്യാജ രേഖാ കേസിലും ഉൾപ്പെട്ട വൈദികർക്ക് എതിരെ നടപടിക്ക് സീറോ മലബാർ സഭയുടെ നിർദേശം. എറണാകുളം അങ്കമാലി അതിരൂപത നേതൃത്വത്തിനാണ് സഭാ സിനഡ് നിർദ്ദേശം നൽകിയത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിഷപ്പ് ആന്റണി കരിയിലിനോട് സിനഡ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറു ദിവസങ്ങളിലായി നടന്നുവന്ന സീറോമലബാർ സഭയുടെ സിനഡിൽ സമീപകാലത്ത് ഏറെ വിവാദങ്ങൾക്കു വഴിവച്ച വ്യാജരേഖാ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയർത്തിയ ലേഖനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷൻമാർക്ക് സിനഡ് നിർദ്ദേശം നൽകി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്ന് സീറോമലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് സത്യദീപത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചിരുന്നു. മരിച്ച് അഞ്ചു വർഷങ്ങൾ കഴിയാതെ നാമകരണ നടപടികൾ തുടങ്ങരുത് എന്ന നിയമം പോലും മറികടന്നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നും ഫാ. പോൾ തേലക്കാട്ട് വിമർശിച്ചിരുന്നു. ഇതോടൊപ്പം സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ മൂന്ന് വൈദികർ അടക്കം നാല് പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചതും സിനഡിൽ ചർച്ചയായി. വൈദീകരായ ആന്റണി കല്ലൂക്കാരൻ, പോൾ തേലക്കാട്ട്, ബെന്നി മാറംപറമ്പിൽ എന്നിവരെ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ നടപടി വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത നേതൃത്വത്തിന് സിനഡ് നിർദ്ദേശം നൽകി. അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പിനെതിരെ നൽകപ്പെട്ടിരുന്ന പരാതികൾ നിലനിൽക്കുന്നവയല്ല എന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ പൂർത്തിയാക്കണമെന്നും സിനഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights – Controversial article on the canonization of Pope John Paul II; Syro Malabar Church to take action against priests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here