നേതാക്കള്‍ എന്‍ഐഎയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷക നേതാക്കള്‍ എന്‍ഐഎയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് എന്‍ഐഎ കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയത്. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‍ഐഎ നോട്ടിസ്. നാല്‍പതില്‍പരം പേര്‍ക്കാണ് ഇതുവരെ നോട്ടിസ് കൈമാറിയത്.

രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് കര്‍ഷക നേതാക്കളെയും പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പ്രതിഷേധങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതികരണം. സമാധാനപ്പൂര്‍വ്വം ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

Story Highlights – Farmers’ organizations say leaders should not appear before the NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top