കെഎസ്ആര്‍ടിസിയിലെ ക്രമക്കേട്; എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെതിരെ കടുത്ത നടപടിയുണ്ടായേക്കും

കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെതിരെ കടുത്ത നടപടിയുണ്ടോയേക്കും. പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കാന്‍ ആലോചനയുണ്ട്. ക്രമക്കേട് സംബന്ധിച്ച രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ഉടന്‍ സര്‍ക്കാരിന് കത്ത് നല്‍കും.
2018ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെ കൊണ്ട് നടത്തിയ ഓഡിറ്റിംഗില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തായത്. കെടിഡിഎഫ്‌സിയില്‍ നിന്ന് ലോണ്‍ എടുത്ത വകയില്‍ തിരിച്ചടച്ച തുകയില്‍ 311.48 കോടിക്ക് കണക്കില്ല. തുടര്‍ന്ന് കെടിഡിഎഫ്‌സിയുടെയും കെഎസ്ആര്‍ടിസിയുടെയും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 100 കോടി രൂപ തിരിമറി കണ്ടെത്താനായത്. അന്നത്തെ അക്കൗണ്ട്‌സ് തലവനായിരുന്നു നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍. ക്രമക്കേടില്‍ വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സിഎംഡിയുടെ നീക്കം. ആഭ്യന്തര വിജിലന്‍സ് അന്വേഷണം വേണ്ടെന്നും തീരുമാനമുണ്ട്.
എറണാകുളത്തേക്ക് സ്ഥലംമാറ്റിയ കെ.എം. ശ്രീകുമാറിന്റെ പെന്‍ഷന്‍ അടക്കം തടഞ്ഞുവയ്ക്കാന്‍ മാനേജ്‌മെന്റ് അലോചിക്കുന്നുണ്ട്. കടുത്ത നടപടി തന്നെയുണ്ടാകുമെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. മെയ് 31ന് ശ്രീകുമാര്‍ വിരമിക്കും. അതിന് മുന്നേ സംഭവത്തില്‍ വ്യക്തയുണ്ടാക്കി നടപടിയെടുക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
Story Highlights – Irregularities in KSRTC; Strict action against Executive Director K.M. Sreekumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here