ഇരുട്ട് പേടിയുണ്ടോ?

നിരൂപണം / അരവിന്ദ് വി
”ഇരുട്ട് പേടിയുണ്ടോ ?” സിനിമ മുന്നോട്ട് വയ്ക്കുന്ന ചോദ്യവും ഇത് തന്നെയാണ്. ശാസ്ത്രമോ സുപ്രീം കോടതിയോ വിചാരിച്ചാൽ പോലും വെളിച്ചെമെത്താത്ത കുറെയധികം ഇരുണ്ട പശ്ചാത്തലത്തിലേക്കാണ് വധുവിൻ്റെ ജീവിതം നീളുന്നതെന്ന സൂചനയുണ്ട് ഈ ചോദ്യത്തിൽ.
ആദ്യരാത്രിയിൽ പുരുഷൻ ചോദിക്കുന്ന കുസൃതി ചോദ്യമായല്ല സിനിമയിൽ ഇത് സ്ഥാപിച്ചിരിക്കുന്നത്.നാണം കലർന്ന ചിരിയോടെ വെളിച്ചം കെടുത്താൻ പോകുന്നതിൻ്റെ ജാള്യതയിൽ ഇരിക്കുന്ന പെൺകുട്ടിയെ അല്ല തുടർന്ന് നമ്മൾ കാണുന്നത് മറിച്ച് ഒരു പകപ്പോടെയുള്ള നോട്ടവും നിസ്സഹായത നിറഞ്ഞ മുഖവുമാണ് മറുപടി.
സാംസ്ക്കാരികമായി പുരോഗമിച്ച ഒരു സമൂഹത്തിൽ മനസ്സിലുണ്ടെങ്കിലും ചോദിക്കാൻ മടിച്ച കുറേ ചോദ്യങ്ങളും ശീലങ്ങളും കഴിഞ്ഞ പത്ത് വർഷത്തിനിടെ പുറത്തേക്ക് ചാടിയതിൻ്റെ പ്രതിഫലനമാണ് സിനിമ .പോയ പതിറ്റാണ്ടിൽ അരാഷ്ട്രീയമായ പലതും രാഷ്ട്രീയമാക്കി മാറ്റിയെടുത്തതിൻ്റെയും അത് പുതിയ തലമുറയെ പോലും സ്വാധീനിച്ച് വശം കെടുത്തിയതിൻ്റെയും രാഷ്ട്രീയം സിനിമ വരച്ചിടുന്നു. ശക്തമായ ഒരു രാഷ്ട്രീയ ത്രെഡിൽ സ്ത്രീപക്ഷത്ത് നിന്ന് ഈ സിനിമ അവതരിപ്പിച്ചില്ലായിരുന്നു എങ്കിൽ ലോകത്തിലെല്ലാ ഭാഷകളിലുമായി കുറഞ്ഞത് ഒരായിരം സിനിമയിലെങ്കിലും അടിസ്ഥാനമായ ഒരു കഥ ഇത്രയേറെ ചർച്ച ചെയ്യാൻ സാധ്യതയുണ്ടാകുമായിരുന്നില്ല. അതേ സമയം ഏതാണ്ടൊക്കെ ക്ലീഷേയായ ഒരു വൺ ലൈനിൽ നിന്ന് ഏറ്റവും പുതിയ പ്രസക്തമായ രാഷ്ടീയം പറഞ്ഞ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ഒരു മണിക്കൂർ നാല്പത് മിനിറ്റ് ദൈർഘ്യമുള്ള സിനിമ അതർഹിക്കുന്ന രാഷ്ട്രീയ വായനക്ക് തന്നെ വിധേയമാക്കണം.
വാട്‍സ്ആപ് പാഠങ്ങളിലൂടെ സമീപകാല രാഷ്ട്രീയത്തെ സമീപിക്കുന്ന പരമ്പരാഗത പിതാവ്, പിതാവിന്റെ പാരമ്പര്യ ബോധത്തിന്റെ നിഴലിൽ രാഷ്ട്രീയബോധം അൽപ്പം പോലും ഏൽക്കാത്ത മകൻ, മകൻ വിവാഹം കഴിച്ച നായിക എന്നിങ്ങനെ മൂന്ന് പേരാണ് സിനിമയിലെ കഥാപാത്രങ്ങൾ.

കഥാപാത്രങ്ങൾക്കൊന്നും പേരില്ല. പ്രേക്ഷകന് ഇഷ്ടമുള്ള അല്ലങ്കിൽ പരിചയമുള്ള മനുഷ്യരെ അവിടെ കൂട്ടി വായിക്കാൻ സംവിധായകൻ നൽകുന്ന അവസരമാണിത്. അടുക്കളയാണ് പ്രധാന ലൊക്കേഷൻ. ഇന്ത്യൻ രാഷ്ട്രീയമാണ് കഥാതന്തു.
യഥാർത്ഥ ഇരുട്ട്

രാജ്യം ചർച്ച ചെയ്യുന്ന വിഷയങ്ങളൊക്കെ ഈ വീടിൻ്റെ അകത്തളങ്ങളിൽ മുഴങ്ങുന്നുണ്ട്. ചിലപ്പോൾ പഴഞ്ചൻ അച്ഛൻ്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്. ചിലപ്പോൾ വാർത്താ ചാനലിലെ ചർച്ചകളിൽ.
സിനിമയുടെ തുടക്കത്തിൽ ഭർത്താവ് ചോദിക്കുന്ന ചോദ്യത്തിലെ ഇരുട്ട് എന്താണെന്ന് അറിഞ്ഞു തീരാൻ സിനിമ അവസാനിക്കണം. ശബരിമല സ്ത്രീ പ്രവേശന വിധിയും അതിൻ്റെ ചർച്ചകളും പുരോഗമിക്കുമ്പോൾ ഇടുങ്ങിയ ഇരുട്ട് മുറിയിലെ തടങ്കലിലാണ് നായിക. ആർത്തവകാലത്ത് പുറത്തെ കളപ്പുരയാണ് പാരമ്പര്യം അനുവദിക്കുന്നയിടം. പക്ഷെ വീടിനുള്ളിലെ തന്നെ ഒരു ഇടുങ്ങിയ ഇരുട്ട് മുറിയിൽ പായ വിരിച്ച് തറയിൽ കിടക്കാൻ വിശാലമനസ്കരായ ഭർത്താവിൻ്റെ ബന്ധുക്കൾ നായികയെ അനുവദിക്കുന്നുണ്ട്.
സുപ്രീം കോടതി വിധി ഈ വീടിൻ്റെ പാരമ്പര്യ ആചാരങ്ങളിലേക്ക് ഒരു കീറ് വെളിച്ചമായി പോലും കടന്ന് വരുന്നില്ല. മണ്ഡല കാലത്ത് വീട്ടുമുറ്റത്തെ തുളസിയില നുളളിയ ആചാരലംഘനത്തെ ഭർത്താവിൻ്റെ അച്ഛൻ ശക്തമായി പ്രതിരോധിക്കുന്നിടത്ത് ചിത്രം അതിൻ്റെ രാഷ്ടീയം ആവർത്തിച്ചുറപ്പിയ്ക്കുന്നു.
ആർത്തവമില്ലാത്ത ജോലിക്കാരി

നായികയുടെ ആർത്തവ കാലത്ത് വീട്ടിലെ അടുക്കള, ജോലിക്കാരിക്ക് കൈമാറുന്നു. ജോലിക്കിടയിൽ നായികയുടെ മുറിയിലെത്തുന്ന അവർ ആർത്തവത്തെ കുറിച്ച് പറയുന്നുണ്ട്. ആർത്തവകാലത്തും താൻ ജോലിക്ക് പോകാറുണ്ടെന്നും എല്ലാ മാസവും കുറെ ദിവസം ഇങ്ങനെ പണിയെടുക്കാതിരുന്നാൽ വീട് എങ്ങനെ കഴിഞ്ഞു പോകുമെന്നും അവർ ആശങ്കപ്പെടുന്നുണ്ട്. പ്രസക്തമായ ഒരു ചിന്ത കൂടി അവർ പങ്കിടുന്നുണ്ട്.
”പിന്നെ എനിക്കിങ്ങനെയൊക്കെ ഉണ്ടോയെന്ന് ആര് ചിന്തിക്കാനാ?”
ആർത്തവമില്ലാത്ത ജോലിക്കാരി… ആണധികാരത്തിന്റെ പരമ്പരാഗത മൂഢലോകത്ത് അവർ ധരിച്ചു വച്ചിരിക്കുന്ന ആ ‘അശുദ്ധി’ അകറ്റാൻ അവർ കണ്ടെത്തുന്ന പകരം സംവിധാനങ്ങളുടെ തെരഞ്ഞെടുപ്പിലെ വിഢിത്തത്തെ വലിച്ചു കീറുന്ന ചിന്ത. അതിന് നായികയുടെ മറുപടി ”ചേച്ചി പൊളിയാണല്ലോ…” എന്നാണ്.
ബീഫോ ?

അടുക്കള പേരാവുന്ന; ഭക്ഷണം പ്രധാന പ്രോപ്പർട്ടിയാകുന്ന ഒരു സമകാലിക രാഷ്ടീയ ചിത്രത്തിൽ ബീഫില്ലാതെ തരമില്ല. വിവാഹ ശേഷം വിരുന്നിനു പോകുന്ന ബന്ധുവീട്ടിൽ ബീഫും കപ്പയും വിളമ്പുന്നുണ്ട്. ബീഫ് കഴിക്കില്ലെയെന്ന ചോദ്യത്തിന് കഴിക്കും എന്ന് നായിക തലയാട്ടുമ്പോൾ ഭർത്താവ് ബന്ധുവീട്ടിലെ ഗൃഹനായികയോട് “ബീഫോ?” എന്ന് അവിശ്വസനീയമായ ചോദ്യം ഉയർത്തുന്നു. പുറത്തിട്ടാ പാചകം ചെയ്തത് എന്ന് വിശദീകരിക്കുന്ന ഗൃഹനായകൻ തുടർന്ന് പറയുന്നത് രാഷ്ട്രീയമാണ്. ആദ്യം ഒട്ടും ഇല്ലായിരുന്നു. ഇപ്പോൾ പുറത്തായി പാചകം. ഇനി മെല്ലെ അകത്തേക്ക് കയറും ബീഫ്.

ഈ നിയന്ത്രണമൊക്കെ അയാളുടെ അമ്മ കാരണമാണെന്നും പറയുന്നുണ്ട്. പക്ഷെ അകത്തെ മുറിയിൽ ദേശാഭിമാനി വായിച്ചിരിക്കുന്ന അമ്മയുടെ തലയിൽ ആ പഴി ചാരിയത് എന്തിനാണെന്ന് കൃത്യമായി വ്യകതമാകുന്നില്ല. ബീഫ് രാഷ്ട്രീയ ആയുധമാകുന്ന കാലത്തിൽ കമ്മ്യൂണിസ്റ്റ് വീടുകളിൽ പോലും പാരമ്പര്യത്തിന്റെ ചങ്ങലക്കിലുക്കമുണ്ട് എന്ന വിമർശനവും കൂടി പകർത്തുക തന്നെയാണ് സംവിധായകന്റെ ലക്‌ഷ്യം എന്നൂഹിക്കാം.

നായകൻ്റെ മൂന്ന് നോട്ടങ്ങൾ
സംവിധായകൻ്റെ സിനിമയാണ് അടുക്കള. പാരമ്പര്യവാദിയും പഴഞ്ചനുമായ അച്ഛൻ ഒരു വശത്തും ഒരു ജോലി ആഗ്രഹിക്കുന്ന ഭാര്യ മറുവശത്തുമാകുന്ന രംഗത്തിൽ ഒരു റഫറി റോളിൽ നായകനെ പ്രതിഷ്ഠിച്ച് കാണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിനോടകം തന്നെ അടുക്കള ചിത്രത്തിലെ യഥാർത്ഥ വില്ലൻ അച്ഛനല്ല മകനാണെന്ന് ഒളിപ്പിച്ചു ആണെങ്കിലും വ്യക്തമാക്കിയിട്ടാണ് സംവിധായകൻ പ്രേക്ഷകനോട് ഇക്കളി കളിക്കുന്നത്.
Read Also : ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ സഖ്യം ആദ്യമായി ഒരുമിക്കുന്നു; മോഹൻ കുമാർ ഫാൻസ് ടീസർ പുറത്ത്
പെണ്ണുകാണലും വിവാഹവും വേഗത്തിൽ നടത്തി ആരംഭിക്കുന്ന സിനിമയിൽ ആദ്യരാത്രിയിൽ തന്നെ കിടപ്പറയുടെ ലൈറ്റ് ഓഫ്
ആക്കാൻ വെമ്പി ഇരുട്ട് പേടിയുണ്ടോ എന്ന് ചോദിക്കുന്ന നായകനെ നേരം പുലരുമ്പോഴേക്ക് വില്ലനാക്കുകയാണ് സംവിധായകൻ.
നോട്ടം-1

അടുക്കളയിൽ ചായയും ദോശയും ഒരേ സമയം രണ്ടടുപ്പിലായി കൈകാര്യം ചെയ്യുന്ന ഭാര്യയ്ക്ക് സമീപം എത്തി അമ്മ കേൾക്കരുതാത്ത ദാമ്പത്യ ഫലിതം പറഞ്ഞു നിൽക്കുന്ന നിഷ്ക്കളങ്കനായ നായകൻ സുരാജ് ദോശക്കല്ലിലേക്ക് ഒരു ഒളിനോട്ടം എറിയുന്നുണ്ട്. ഭാര്യ ചുട്ട ദോശ ‘വട്ടം’ കൃത്യമായതോടെ നോട്ടം പിൻവലിച്ച് ചായ ബാക്കി കുടിക്കുന്ന നായകനിൽ പാരമ്പര്യവാദിയായ ഒരു പഴഞ്ചൻ കുല പുരുഷൻ ഒളിഞ്ഞിരിപ്പുണ്ട്.
നോട്ടം- 2

ഉച്ചയ്ക്ക് വച്ച ചോറ് ബാക്കിയിരിപ്പുള്ളത് രാത്രിയിൽ എടുത്താലോ എന്ന ഭാര്യയുടെ അഭിപ്രായത്തെ രൂക്ഷമായ നോട്ടം കൊണ്ട് എതിർത്ത് അതേ നമിഷം തൻ്റെ തീരുമാനം ചിരിയോടെ അടിച്ചേൽപ്പിക്കുന്ന നായകൻ ഭാര്യയുടെ പരാജയത്തിൽ ആനന്ദം പൂണ്ടാണ് അകത്തേക്ക് പോകുന്നത്
നോട്ടം- 3
ഭാര്യയുടെ ആർത്തവകാലത്ത് അടുക്കളയിൽ മറ്റൊരു സ്ത്രീയെ നിർത്തുന്നുണ്ട്. ആ കാലത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാനോ അടുക്കള ഭാഗത്തേക്ക് വരാനോ പോലും നായികയ്ക്ക് അനുമതിയില്ല. ഭക്ഷണത്തിനിരിക്കുമ്പോൾ സുരാജിൻ്റെ നോട്ടം പല തവണ അടുക്കളയിലേക്കും മറ്റും നീണ്ടു പോവുന്നുണ്ട്. ആചാരലംഘനം നടക്കുന്നുണ്ടോ എന്ന ജാഗ്രതയുള്ള നോട്ടമാണത്.

നായകൻ്റെ അച്ഛനെ നേരിട്ടുള്ള രംഗങ്ങളിൽ വില്ലനായി പ്രതിഷ്ഠിക്കുകയും നായകനിലെ അതിലും വലിയ വില്ലനെ ആദ്യഭാഗങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുകയും ചെയ്തിരിക്കുന്നു സംവിധായകൻ.
തൻ്റെ ശീലക്കേടിനെ അതിൻ്റെ മര്യാദകേടിനെ നേരിട്ട് പരിഹസിക്കുന്ന ഭാര്യയുടെ കമൻ്റിനെ പ്രതിരോധിക്കുമ്പോൾ മാത്രമാണ് അയാൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത്. യോഗ, കുളി ,പല്ല് തേപ്പ് ,വ്രതം ഒക്കെ അതിൻ്റെ ഭംഗിയിലും ആചാര ചിട്ടയിലും പാലിക്കുന്ന അച്ഛനും മകനും തീൻമേശയിൽ നടത്തുന്ന ആചാരലംഘനത്തെ ആക്ഷേപിക്കുന്ന നായികയെ അസഹിഷ്ണുതയോടെയാണ് സമീപിക്കുന്നത്
ചവച്ച് തുപ്പുന്ന ‘വയാഗ്ര’

തീൻമേശയിലെ ആചാരലംഘനം സംവിധായകൻ്റെ കുസൃതി കൂടി ചേർത്ത് വച്ച് കാണണം.എച്ചിലിടാൻ നായിക വയ്ക്കുന്ന പാത്രം കാലിയാക്കി തന്നെ ഇരിക്കുമ്പോഴാണ് മേശപ്പുറം മുഴുവൻ ചവച്ച് തുപ്പിയ ഉച്ഛിഷ്ഠം കൊണ്ട് മലിനമാകുന്നത്. ഒന്നിലധികം നേരം മുരിങ്ങയ്ക്കകോൽ യഥേഷ്ടം കഴിയ്ക്കുന്നുണ്ട് ഭർത്താവ്.ഇന്ത്യൻ വയാഗ്രയെന്ന് ലോകം വിളിയ്ക്കുന്ന മുരിങ്ങയ്ക്ക കോൽ ചവച്ചു തുപ്പുന്ന അതേ ഉത്തരവാദിത്വമില്ലായ്മ ലൈംഗിക ബന്ധത്തോളം നീളുന്നുമുണ്ട്. അത് തുറന്നു പറയുന്ന ഭാര്യയെ കാലഘട്ടത്തിലെ ഏറ്റവും വൾഗറായ ചോദ്യം കൊണ്ടാണ് അയാൾ പ്രതിരോധിക്കുന്നത്. കിടപ്പറയിലെ തന്റെ കഴിവുകേടുകളെ ഭാര്യ തുറന്നടിക്കുമ്പോഴുള്ള ആൺബോധത്തിന്റെ ഈഗോ ”എനിക്ക് കൂടി തോന്നണ്ടേ ?” എന്ന ഏറ്റവും ഹീനമായ കമന്റിൽ വെളിപ്പെടുത്തുന്നുണ്ട് ചിത്രം. ലൈറ്റ് ഓഫാക്കി വീണ്ടും ഇരുട്ടിലേക്ക് സീൻ അവസാനിപ്പിക്കുന്നു. ആ ഇരുട്ടിൽ നായികയുടെ കണ്ണീരും നമ്മൾ വ്യക്തമായി കാണുന്നില്ല.
കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഈ ഇന്ത്യൻ അടുക്കള.
അടിക്കുറിപ്പ്:
1. സിനിമയിലെ സങ്കുചിത മനോഭാവം ഉള്ള ഭർത്താവ് പെൺകുട്ടികളുടെ ഹൈസ്‌കൂളിൽ സോഷ്യോളജി അധ്യാപകൻ ആണ്. കുടുംബം സമൂഹം എന്നിവയെ കുറിച്ച് ആധികാരികമായി ക്‌ളാസ് എടുക്കുന്നുണ്ട് നായകൻ. സിനിമയ്ക്ക് ശേഷം ആലോചിക്കുമ്പോൾ ചിരിക്കാനുള്ള വക നൽകുന്നുണ്ട് ഈ പ്രതിഷ്ഠ.
2 .അടുക്കളയിലെ ലാഗിൽ നിന്ന് വിദേശത്തുള്ള മകളുടെ അടുക്കളയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന സിനിമയിലെ അമ്മായിയമ്മയുടെ അവസരത്തിനൊത്ത നവോത്ഥാനം രസകരമാണ്. അവർ വഷളാക്കിയ രണ്ടു പുരുഷന്മാർക്ക് മുന്നിലേക്ക് മരുമകളെ ഇട്ടുകൊടുത്തിട്ടാണ് പുള്ളിക്കാരി എസ്കേപ് ആയത്. ഇടയ്ക്ക് നവോത്ഥാന ഉപദേശം നടത്തുന്നുണ്ട്. പക്ഷെ ഉപദേശിച്ചത് അവരാണെന്ന് വെളിപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നുമുണ്ട് .
3. ഒരു ശരാശരി ഇന്ത്യൻ വീട്ടമ്മ അടുക്കളയിൽ ഒരു ദിവസം ചിലവഴിക്കുന്ന സമയം, അതിൽ അവർ അനുഭവിക്കുന്ന ലാഗ്… ആ ലാഗ് അതേപടി നില നിർത്തുന്നുണ്ട് ചിത്രം.
Story Highlights – The Great Indian Kitchen’ movie review