പാലക്കാട്ട് സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ജനവിധി തേടുക യുവാക്കള്‍

പാലക്കാട്ട് സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും യുവാക്കളായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന. പട്ടാമ്പി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹസിന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ലീഗ് വിജയിച്ച മണ്ണാര്‍ക്കാട് ഇത്തവണ എഐവൈഎഫ് നേതാവിനെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
രണ്ട് മണ്ഡലങ്ങളാണ് പാലക്കാട് ജില്ലയില്‍ സിപിഐക്ക് മത്സരിക്കാന്‍ ഇടതുമുന്നണി നല്‍കാറുള്ളത്. പട്ടാമ്പിയും മണ്ണാര്‍ക്കാടും. നിലവില്‍ പട്ടാമ്പി മണ്ഡലത്തില്‍ സിപിഐ പ്രതിനിധി തന്നെയാണ് എംഎല്‍ എ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അക്കാലയളവിലെ എംഎല്‍എയുമായിരുന്ന സി. പി. മുഹമ്മദിനെയാണ് ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് മുഹമ്മദ് മുഹസിന്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും മുഹസിന്‍ തന്നെയായിരിക്കും ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മുഹ്‌സിന്‍ അല്ലാതെ മറ്റൊരു പേരും പട്ടാമ്പിയിലേക്ക് സിപിഐ പരിഗണിക്കുന്നില്ല. മണ്ണാര്‍ക്കാട് പക്ഷെ യു ഡിഎഫ് കോട്ടയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷിന്റെ തോല്‍വിക്ക് പ്രധാന കാരണം മണ്ണാര്‍ക്കാട് യുഡിഎഫിന് നല്‍കിയ മുപ്പതിനായിരത്തിനോടടുത്ത വലിയ ഭൂരിപക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പക്ഷെ സ്ഥിതി മാറിയിട്ടുണ്ട്. അട്ടപ്പാടി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടതുമുന്നണിക്കായി.
ജില്ലയിലെ തന്നെ പ്രമുഖ എഐവൈഎഫ് നേതാവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് സിപിഐ നീക്കം. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുടെ പേരും ഇവിടെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തായാലും സിപിഐ നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മുന്നണിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് സിപിഐയുടെ പ്രതീക്ഷ.
Story Highlights – CPI Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here