സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കാൻ അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം

സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെയും സന്ദർശകരുടേയും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കുന്നു. ഇതിനായി അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. പഞ്ച് ചെയ്തിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. പദ്ധതി നടത്തിപ്പിനായി ഒരു കോടി തെണ്ണൂറ്റഞ്ച് ലക്ഷം രൂപ അനുവദിച്ചു.

സെക്രട്ടേറിയറ്റിലേക്കുള്ള നാലു ഗേറ്റിലും അനക്സ് കെട്ടിടങ്ങളുടെ ഗേറ്റിലും അക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറൽ ഓഫീസിലും നടപ്പാക്കിയ മാതൃകയിലായിരിക്കും അക്‌സസ് കൺട്രോൾ സംവിധാനം രൂപകൽപന ചെയ്യുക. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഗേറ്റുകൾ തുറക്കുകയുള്ളൂ. ഇതു ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. ഒരിക്കൽ പുറത്തിറങ്ങിയാൽ തിരിച്ചുകയറുന്നതുവരെയുള്ള സമയം ഹാജരിൽ കുറവ് വരും. ഔദ്യോഗിക ആവശ്യത്തിനാണ് പുറത്തുപോകുന്നതെങ്കിൽ അതു പ്രത്യേകം വിശദീകരിക്കണം. ദിവസം 7 മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധിയായി രേഖപ്പെടുത്തുകയും ശമ്പളത്തിൽ കുറവ് വരുത്തുകയും ചെയ്യും. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്‌ക്കാര നടപടികളുടെ ഭാഗമായാണ് തീരുമാനം. കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സാഹയത്തോടെയാണിത് നടപ്പാക്കുന്നത്. കെൽട്രോൺ വഴി 1.95 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിറക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top