Advertisement

തിരുവനന്തപുരം വിമാനത്താവളം; കരാർ ഒപ്പിട്ട് അദാനി ​ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും

January 19, 2021
Google News 1 minute Read

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കരാര്‍ യാഥാർത്ഥ്യമായി. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എയർപോർട്ട് കമ്പനിയും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളത്തിന്റെ കൈമാറ്റ കരാർ നടപടികളും ഇന്ന് പൂർത്തികരിച്ചു. മൂന്ന് മാസത്തിനുള്ളിൽ കരാർ പൂർണമായി പ്രാബല്യത്തിലാകും.

വ്യവഹാരങ്ങളും വിവാദങ്ങളും ബാക്കി നിൽക്കെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമാറ്റ കരാർ നടപടികൾ പൂർത്തിയായി. ഇനിയുള്ള മൂന്ന് മാസത്തിനുള്ളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഗ്രൂപ്പ് പൂർണമായി ഏറ്റെടുക്കും. അന്‍പത് വര്‍ഷത്തേയ്ക്കുള്ള എയർപോർട്ടിന്റെ നടത്തിപ്പ് അധികാരമാകും ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകുക. ഇന്ന് ഡൽഹിയിലെ എയർപോർട്ട് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൈമാറ്റ നടപടിയുമായി ബന്ധപ്പെട്ട കരാർ നടപടികൾ ഇരു വിഭാഗവും പൂർത്തീകരിച്ചു. അദാനി എയർപോർട്ട് ഗ്രൂപ്പിന് വേണ്ടി സി.ഇ.ഒ ബഹ്നാന്ദ് സാൻടിയും എയർപോർട്ട് അതോറിറ്റിക്ക് വേണ്ടി എൻ.വി. സുബ്ബറായിഡുവുമാണ് കരാറിൽ മഷിപുരട്ടിയത്. നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാമാകും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് നിർവഹിക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തൊഴിലാളി സംഘടനകളുടെ അടക്കം കടുത്ത എതിർപ്പ് തള്ളിയാണ് കരാർ യാഥാർത്ഥ്യമാക്കിയത്.

Story Highlights – Trivandrum airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here