ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലെ പ്രശസ്ത താരങ്ങളായ രജനികാന്തിന്റെയും കമല്‍ ഹാസന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്.
കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്നു.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.
1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പഠിച്ചത് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ്.
76ാം വയസിലായിരുന്നു സിനിമയില്‍ അഭിനയം തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മുത്തച്ഛന്‍ വേഷങ്ങളില്‍ തിളങ്ങി. ഗാനരചയിതാവായ കൈതപ്രത്തിന്റെ ഭാര്യാപിതാവാണ്.
കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് എകെജി അയച്ച കത്തുകള്‍ നിധി പോലെ അദ്ദേഹം കാത്തുവച്ചിരുന്നു.
പരേതയായ ലീല അന്തര്‍ജനമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
Story Highlights – unnikrishnan namboothiri, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here