Advertisement

ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

January 20, 2021
Google News 1 minute Read

അമേരിക്കന്‍ പ്രസിഡന്റായുള്ള സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതാണ് ബൈഡന്‍ അജണ്ടയിലെ ഒന്നാമത്തെ ഇനം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അടുത്ത പരിഗണന. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതും പത്ത് ദിന പദ്ധതികളില്‍പ്പെടുന്നു.

മാസ്‌ക്കിനെ പുശ്ചത്തോടെ കണ്ടിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായി മാസ്‌ക്ക് ധാരണം നിര്‍ബന്ധമാക്കുന്നതും ബൈഡന്‍ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും ബൈഡന്‍ വിഭാവനം ചെയ്യുന്നു.

ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്റെ പ്രഖ്യാപനത്തിലുണ്ട്. ആദ്യ 10 ദിവസത്തിനുള്ളില്‍ തന്നെ ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് ബൈഡന്‍. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. വര്‍ക്ക് വീസ സംവിധാനവും എച്ച്1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍.

Story Highlights – Joe Biden released plans for first 10 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here