ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കെ.വി. തോമസ്

ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. ചിലര്‍ തുടര്‍ച്ചയായി തന്നെ അവഹേളിക്കുകയാണ്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൃത്യമായ നിലപാട് ശനിയാഴ്ച വിശദീകരിക്കാമെന്നും കെ.വി. തോമസ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കെ.വി. തോമസ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം നേതൃത്വവുമായി കെ.വി. തോമസ് രഹസ്യ ചര്‍ച്ച നടത്തിയെന്നും പ്രചരിപ്പിക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ എഐസിസി സെക്രട്ടറി സ്ഥാനമോ, ജനറല്‍ സെക്രട്ടറി സ്ഥാനമോ അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമോ നല്‍കണമെന്നാണ് കെ.വി. തോമസിന്റെ ആവശ്യം. അല്ലെങ്കില്‍ കൊച്ചി, വൈപ്പിന്‍, എറണാകുളം സീറ്റുകളില്‍ ഏതെങ്കിലും നല്‍കണം. എന്നാല്‍ കെപിസിസിയോ എഐസിസിയോ ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുമായി കെ.വി. തോമസ് അകലം പാലിക്കുകയായിരുന്നു.

എറണാകുളത്ത് ഇടത് സ്വതന്ത്രനായി കെ.വി. തോമസ് എത്തുമെന്നാണ് നേരത്തെ പ്രചാരണം നടന്നിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ കടുത്ത അതൃപ്തിയിലാണ് കെ.വി. തോമസ്. കെപിസിസിയുടെ ഉയര്‍ന്ന ഭാരവാഹിത്വമോ അതല്ലെങ്കില്‍ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെ.വി. തോമസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലാന്‍ ഇടയാക്കിയതെന്നാണ് വിവരം.

വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നല്‍കിയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കെ.വി. തോമസ് തയ്യാറായില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയായ താരിഖ് അന്‍വറുമായും കെ.വി. തോമസ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉറപ്പുകളൊന്നും ലഭിച്ചിരുന്നില്ല.

Story Highlights – KV Thomas cooperate with the Left Front

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top