കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ല; കേന്ദ്രസർക്കാർ നിർദേശം തള്ളി കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. ഒന്നര വർഷത്തേയ്ക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം കർഷകർ തള്ളി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ വ്യക്തമാക്കി.
സിങ്കു അതിർത്തിയിൽ ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും റദ്ദാക്കണമെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പത്താം വട്ട ചർച്ചയിലാണ് 18 മാസം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന് സർക്കാർ നിർദേശം വച്ചത്. എന്നാൽ ഇതിനോട് ഉടനെ കർഷക പ്രതിനിധികൾ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് യോഗം വിളിച്ച് തീരുമാനമെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here