Advertisement

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡര്‍

January 21, 2021
Google News 2 minutes Read

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നടന്‍ മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Story Highlights – Tuberculosis Prevention: Mohanlal Goodwill Ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here