19കാരൻ കശ്മീർ പേസറെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്

19കാരൻ കശ്മീർ പേസറെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസ്. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായാണ് കശ്മീർ പേസർ മുജ്തബ യൂസുഫിനെ മുംബൈ ഇന്ത്യൻസ് ട്രയൽസിനു വിളിച്ചത്. ചില യുവതാരങ്ങളെ മാനേജ്മെൻ്റ് ട്രയൽസിനു വിളിച്ചിരുന്നു. ഈ സംഘത്തിനൊപ്പമാണ് മുജ്തബ യൂസുഫിനെയും മുംബൈ ട്രയൽസിനു ക്ഷണിച്ചത്. ഫെബ്രുവരി തുടക്കത്തിലാണ് അടുത്ത സീസണിലേക്കുള്ള ഐപിഎൽ ലേലം.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരം നടത്തിയ പ്രകടനങ്ങളെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റ് യുവതാരത്തെ ട്രയൽസിനു ക്ഷണിച്ചത്. ട്രയൽസിൽ മികച്ച പ്രകടനം നടത്തിയാൽ ഐപിഎൽ ലേലത്തിൽ താരത്തെ മുംബൈ സ്വന്തമാക്കും. 4 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകളാണ് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്വന്തമാക്കിയത്. ഉത്തർപ്രദേശിനെതിരെ 14 റൺസ് വഴങ്ങി താരം 3 വിക്കറ്റുകൾ നേടിയിരുന്നു. സുരേഷ് റെയ്നയെ മുജ്തബ പൂജ്യത്തിനു പുറത്താക്കിയിരുന്നു.
Read Also : ഐപിഎൽ 2021: ഫ്രാഞ്ചൈസികൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങൾ; അവലോകനം
സൗത്ത് കശ്മീരിലെ ബിജ്‌ബെഹറ ടൗണിലാണ് മുജ്തബ യൂസുഫിൻ്റെ ജനനം. 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളാണ് മുജ്തബയുടെ സമ്പാദ്യം. ടി-20 ക്രിക്കറ്റിൽ 7.32 ആണ് എക്കോണമി. കഴിഞ്ഞ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നെറ്റ് ബൗളറായി താരം യു എ ഇയിലേക്ക് പോയിരുന്നു.
അതേസമയം, ഏഴ് താരങ്ങളെയാണ് ലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത്. ജെയിംസ് പാറ്റിൻസൺ, മിച്ചൽ മക്ലാനഗൻ, നഥാൻ കോൾട്ടർനൈൽ, ഷെർഫൈൻ റൂതർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ് എന്നിവരെയാണ് മാനേജ്മെൻ്റ് റിലീസ് ചെയ്തത്.
Story Highlights – Mumbai Indians Call Up 19-Year-Old Kashmir Pacer For Trials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here