കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് കര്‍ഷക സംഘടനകള്‍

കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍. ആയുധങ്ങളുമായി ഒരാളെ കര്‍ഷകര്‍ പിടികൂടി. സിംഗുവില്‍ രാത്രിയില്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചു അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.

സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസിലാണ് കര്‍ഷക നേതാക്കള്‍ അര്‍ധരാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തിന് മുന്‍പ് കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലണമെന്ന ഉദ്യേശത്തോടെയെത്തിയ ആളെ പിടികൂടിയതായി അറിയിച്ചു. രണ്ട് സ്ത്രീകള്‍ അടക്കം ഇയാളുടെ സഹായികള്‍ സിംഗുവില്‍ പലയിടത്തായി തങ്ങുന്നു. പ്രക്ഷോഭത്തെ തകര്‍ക്കാനും നേതാക്കളെ കൊലപ്പെടുത്താനും ഏജന്‍സികള്‍ ഗൂഢാലോചന നടത്തുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. പ്രതിഫലമെന്ന നിലയില്‍ പതിനായിരം രൂപ ലഭിച്ചുവെന്ന് പിടിയിലായ ആള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയുടെ അതിര്‍ത്തികളിലെ മൂന്ന് റോഡുകള്‍ ട്രാക്ടര്‍ റാലിക്കായി വിട്ടുനല്‍കാമെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. സിംഗു, തിക്രി, ഗാസിപൂര്‍ റോഡുകളാണ് പൊലീസിന്റെ പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ പൊലീസും കര്‍ഷക നേതാക്കളുമായി ഇന്ന് ചര്‍ച്ച നടക്കും. ഡല്‍ഹി ഔട്ടര്‍ റിങ് റോഡില്‍ തന്നെ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിനിടെ, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു.

Story Highlights – Farmers allege conspiracy to kill 4 leaders on Republic Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top