കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചുപൂട്ടാൻ തീരുമാനം

close resorts meppadi panchayat

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ജില്ലയിലെ മറ്റ് റിസോർട്ടുകളിലും ജില്ലാ ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്.

മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോർട്ടുകളും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചിടാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ ഓരോ റിസോർട്ടിന്റെയും അനുമതിയും സുരക്ഷാസാഹചര്യവും പരിശോധിച്ച ശേഷമേ തുറക്കാൻ അനുവദിക്കൂ. 15 ദിവസത്തിനുളളിൽ പരിശോധനകൾ പൂർത്തിയാക്കി റിസോർട്ടുകൾ തുറക്കാൻ അനുമതി നൽകും.

Read Also : വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം; ജില്ലയിലെ എല്ലാ റിസോര്‍ട്ടുകളിലും പരിശോധന നടത്തും

ജില്ലയിലെ റിസോർട്ടുകളും ഹോം സ്‌റ്റേകളും സംബന്ധിച്ച് വ്യാപക ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മുഴുവൻ റിസോർട്ടുകളിലും പരിശോധന നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾ മുഴുവൻ അടപ്പിക്കാനാണ് നിലവിലത്തെ തീരുമാനം.

മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. വനമേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.

Story Highlights – Decision to close all resorts in meppadi panchayat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top