കൈകൾ കറക്കി വിചിത്ര ഭാവത്തിൽ അമ്മ; വിങ്ങിപ്പൊട്ടി അച്ഛൻ; ആന്ധ്രയിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടതിൽ ദുരൂഹത; വിഡിയോ

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മഡനപ്പള്ളിയിൽ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മന്ത്രവാദിയുടെ വാക്കുകേട്ട് മക്കൾ പുനർജനിക്കുമെന്ന ധാരണയിലാണ് വിദ്യാസമ്പന്നരായ മാതാപിതാക്കൾ മക്കളെ തലയ്ക്കടിച്ച് കൊന്നതെന്നായിരുന്നു വാർത്തകൾ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ദുരൂഹതയേറുന്നതാണ്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ പെരുമാറ്റമാണ് വിചിത്രമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ടിവി 9 തെലുങ്ക് പുറത്തുവിട്ടു.
കൈകൾ കറക്കി വിചിത്ര ഭാവത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം നടന്നു നീങ്ങുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാനസിക നില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഉദ്യോഗസ്ഥർക്കൊപ്പം നടന്നുനീങ്ങുന്നതിനിടെ ഇവർ പരിസരം മറന്ന് ചിരിക്കുന്നതും കാണാം. വിഡിയോയിലുടനീളം ഇവർ കൈകൾ കറക്കുന്നതുകാണാം. അതേസമയം, മക്കളുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന പിതാവിന്റെ വിഡിയോയും ചാനൽ പുറത്തുവിട്ടു. മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ ചടങ്ങുകൾ ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരുടേയും പെരുമാറ്റത്തിൽ സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. മഡനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും ഭാര്യ ചിറ്റൂർ ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയായ പദ്മജയും മക്കളെ കൊലപ്പെടുത്തുകയായിരുന്നു. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോൾ മക്കൾ പുനർജീവിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.
ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ പുരുഷോത്തം നായിഡുവിൻ്റെയും പദ്മജയുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. വേലക്കാരെ വീട്ടിനുള്ളിൽ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാർ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ആദ്യം ദമ്പതികൾ ചെറുത്തു. ഒരു ദിവസം തങ്ങൾക്ക് നൽകണമെന്നും മക്കൾ പുനർജീവിക്കുമെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീടിനുള്ളിൽ എത്തിയപ്പോൾ പൊലീസ് കണ്ടത് ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമായിരുന്നു.
Story Highlights – Chitoor murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here