‘ഓപ്പറേഷന്‍: ഒളിപ്പോര്’ ആക്ഷന്‍- കോമഡി ഹ്രസ്വ ചിത്രം വെെറല്‍

വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്‍: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്ന എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകത.
കടബാധ്യതയില്‍ അകപ്പെട്ട രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഫിനാന്‍സ് സ്ഥാപനം കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ വളരെ യാദൃശ്ചികമായി അതേ ദിവസം അതേ സമയം മറ്റൊരു സംഘം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങള്‍ക്കിടയില്‍ ഈ സുഹൃത്തുക്കള്‍ കൊള്ളക്കാരുടെ ഒപ്പം അകപ്പെട്ട് പോകുന്നതാണ് ഹ്രസ്വ ചിത്രത്തിന്‍റെ കഥ. അവര്‍ക്കിടയില്‍ ഉണ്ടാവുന്ന കണ്‍ഫ്യൂഷനും തമാശകളും ട്വിസ്റ്റും ആക്ഷനുമൊക്കെ കോര്‍ത്തിണക്കിയാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമ സ്പൂഫുകളും സാമൂഹിക പ്രസക്തമായ വിഷയങ്ങളും നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച് ശ്രദ്ധ നേടിയ സോഡാബോട്ടില്‍ എന്റര്‍ടെയ്ന്‍മെന്റാണ് ഈ ഹ്രസ്വ ചിത്രത്തിന് പുറകിലും. നേരത്തെ വൈറലായ സന്തൂര്‍ സോപ്പിന്റെ പരസ്യത്തിന്റെ സ്പൂഫും ഇവരുടെതാണ്. നരസിംഹത്തിന്റെ ഡീലീറ്റഡ് എന്‍ഡിംഗ്, ഫ്രണ്ട്സ് സിനിമയിലെ അരവിന്ദന്‍ കൊക്കയില്‍ വീണപ്പോള്‍ കാട്ടുമൂപ്പന്‍ വന്നു രക്ഷിക്കുന്നത് തുടങ്ങിയവയും ഇവര്‍ ചെയ്തിരുന്നു.
ഈ ഹ്രസ്വ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കഥാകൃത്ത് സോണിയും സംവിധായകന്‍ അക്ഷയും സോഫ്റ്റ് വെയര്‍ എഞ്ചിനീയമാരാണ്. എഡിറ്റ് നിര്‍വഹിച്ച മനു ഒരു പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. ജനുവരി 17ന് തിരുവനന്തപുരത്ത് ഹ്രസ്വ ചിത്രത്തിന്റെ സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.
‘2018ല്‍ ആണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാന്‍ കരുതിയത്. ഷൂട്ടിന് മൂന്ന് ദിവസം മുന്‍പ് പ്രളയം വന്നു. അതുകൊണ്ട് എല്ലാം നീട്ടിവെച്ചു. പത്ത് ദിവസം കൊണ്ട് തീരേണ്ട ചിത്രീകരണം മൂന്ന് മാസം കൊണ്ടാണ് നടത്തിയത്. പിന്നെ പകല്‍ സമയം ജോലിക്ക് ശേഷം ബാക്കി ഉള്ള സമയത്താണ് സിനിമയ്ക്ക് വേണ്ടിയുള്ള വര്‍ക്കുകള്‍ ചെയ്തിരുന്നത്. എഡിറ്റിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടുതലും ഞങ്ങള്‍ തന്നെ ചെയ്തത് കൊണ്ട് അത് രണ്ട് വര്‍ഷത്തോളം നീണ്ടു. അവസാനം റിലീസ് പ്ലാന്‍ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ലോക്ക് ഡൗണ്‍ ആയത്. കഷ്ടപ്പാടുകള്‍ എല്ലാം വെറുതെ ആയില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മനസിലായി’- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Story Highlights – short film, viral