കർഷകരോട് അതിർത്തിയിലേയ്ക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേ​ഗം അതിർത്തിയിലേയ്ക്ക് മടങ്ങാൻ അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിം​ഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടിയിരുന്നു. ഉച്ചയോടെയാണ് ഡൽഹി ന​ഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി.

ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡൽഹി പൊലീസ് റോഡുകളും അതിർത്തികളും അടയ്ക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.

Story Highlights – Farmers protest, Tractor rally, Amarinder singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top