ആറ്റുകാല്‍ പൊങ്കാല കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.
ആള്‍ക്കാര്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
Story Highlights – attukal pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here