പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത് വിജയന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ

vijith vijayan

പന്തീരാങ്കാവ് യുഎപിഎ കേസില്‍ നാലാം പ്രതി വിജിത് വിജയന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കോടതിയില്‍ എന്‍ഐഎ സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കേസില്‍ ഒളിവിലുള്ള സി പി ഉസ്മാനുമായി നിരവധി തവണ വിജിത് കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ. ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത് ആയിരുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തില്‍ അംഗമാണ് വിജിത് വിജയന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോയിസ്റ്റ് സാഹിത്യങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് വിജിത്താണെന്നും വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമെന്നും എന്‍ഐഎ. വിജിത് വിജയനില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചു. സംഘടനയില്‍ പച്ച, ബാലു, മുസഫിര്‍, അജയ് എന്നീ പേരുകളിലാണ് വിജിത് അറിയപ്പെടുന്നതെന്നും കണ്ടെത്തല്‍. കോഴിക്കോട് , കണ്ണൂര്‍,  തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തു.

വിജിത് വിജയന്റെ നാല് ദിവസത്തെ കസ്റ്റഡി അവസാനിച്ചിരുന്നു. ഇന്ന് അതേ തുടര്‍ന്ന് വിജിത്തിനെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിജിത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്‍ഐഎ പരിശോധിക്കുകയാണ്. അടുത്ത മാസം 19 വരെ വിജിത്തിനെ റിമാന്‍ഡ് ചെയ്തു. വയനാട് കല്‍പ്പറ്റ പുഴമുടി സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ വിജിത്തിനെ ഈ മാസം 21 നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Story Highlights – vijith vijayan, panthiramkavu uapa case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top